സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ് വില;പവന് 97,680 രൂപയായി,കൂടിയത് 1,800 രൂപ

വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തി സ്വര്‍ണം. രണ്ട് തവണയായി 1,800 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 97,680 രൂപയായി. രാവിലെ 1,400 രൂപയും ഉച്ചകഴിഞ്ഞ് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാമിനാകട്ടെ 12,210 രൂപയുമായി. കഴിഞ്ഞ ദിവസം 95,880 രൂപയായിരുന്നു പവന്റെ വില.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയതാണ് സ്വര്‍ണം നേട്ടമാക്കിയത്. അടുത്ത വര്‍ഷം വീണ്ടും ഒരു തവണകൂടി നിരക്ക് കുറച്ചേക്കുമെന്ന സൂചനയും സ്വര്‍ണത്തിന് അനുകൂലമായി.

ആഗോള വിപണിയില്‍ ഏഴാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണം. സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,286.25 ഡോളര്‍ നിലവാരത്തിലെത്തി.

വെള്ളിയുടെ വിലയിലും കുതിപ്പ് പ്രകടമാണ്. വ്യാവസായിക ആവശ്യകതയിലെ കുതിപ്പ്, കുറഞ്ഞുവരുന്ന ശേഖരം, നിര്‍ണായക ധാതുക്കളുടെ പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തിയത് എന്നിവയാണ് വെള്ളിയില്‍ പ്രതിഫലിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News