ചാലക്കുടി: തൃശ്ശൂർ ചാലക്കുടി വെട്ടുക്കടവിൽ മുത്തശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ചത് ഇരുപത്തിയാറുകാരൻ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20 നായിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
കാമുകിയെ വിവാഹം കഴിക്കാൻ പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ബെസ്റ്റിന്‍ പൊലീസിന് മൊഴി നല്‍കി. വയോധിക തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇത് അറിയാവുന്ന ബെസ്റ്റിന്‍ കറുത്ത മുഖംമൂടിയണിഞ്ഞെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പിന്നീട് അങ്കമാലിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റു. മാല ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകല്‍ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടംഗ സംഘം മോഷണ ശ്രമം നടന്നത്. നാട്ടുകാർ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ച പൊലീസുകാരനെയും അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. മഞ്ഞ കളറിലുള്ള ആക്ടീവ സ്കൂട്ടറിലാണ് രണ്ടംഗ സംഘമെത്തിയിരുന്നത്. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ട് പേർ ഇറങ്ങിവരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സിനിമാ സ്റ്റൈലിലാണ് മോഷണശ്രമം നടന്നത്. മലയിൻകീഴ് വിഎച്ച്എസ് സി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലിൻറെ ഇടപ്പഴിഞ്ഞിയിലെ വീട്ടിലായിരുന്നു മോഷണശ്രമം. വീടു പുട്ടിയിരിക്കുകയായിരുന്നു. എന്നാല്‍ വീടിന്‍റെ കതക് രണ്ടുപേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കയ്യിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തോക്കു കണ്ട് പ്രവീണ്‍ മോഷ്ടാക്കള്‍ വന്ന സ്കൂട്ടിൻെറ താക്കോൽ ഊരിയെടുത്ത് ഓടി. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്കൂട്ടറിൻറേത് വ്യാജ നമ്പർ പ്ലേറ്റാണ്. കഴക്കൂട്ടം സ്വദേശിയുടെ സ്കൂട്ടറിൻെറ നമ്പറാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഹിന്ദിയിലാണ് മോഷ്ടാക്കൾ സംസാരിച്ചത്.