തിരുവനന്തപുരം: ശോഭ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്മാന് ഗോകുലം ഗോപാലന്. ആരോപണങ്ങള്‍ നിഷേധിച്ച ഗോകുലം ഗോപാലന്, ശോഭയ്ക്കെതിരേ നല്കിയ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. ആലപ്പുഴയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ല. ശശിധരന് കര്‍ത്തയെ അറിയില്ലെന്നും അറിയാത്ത ആള്‍ക്കുവേണ്ടി എങ്ങനെ ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
എന്നെ സംബന്ധിച്ചിടത്തോളം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളില്ല. എനിക്ക് പ്രശ്നങ്ങളുള്ള ആള്‍ക്കാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി പറഞ്ഞതായിരിക്കും. അവർക്ക് എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. തൃശ്ശൂരില്‍ ആളെ അയച്ച്, വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി പറയരുതെന്നും എതിരായി പറയണമെന്നും ഗോകുലം ഗോപാലന് പറഞ്ഞെന്നാണ് ശോഭ സുരേന്ദ്രന് ആരോപിച്ചത്. തനിക്ക് ഇക്കാര്യം ശോഭ സുരേന്ദ്രനോട് നേരിട്ട് പറയാവുന്നതേയുള്ളൂ. വ്യക്തിപരമായ കാര്യങ്ങളുമായി തിഞ്ഞെടുപ്പിനെ താൻ ബന്ധപ്പെടുത്തില്ലെന്നും ഗോകുലം ഗോപാലന് കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശനുമായി വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല. പക്ഷേ, ഒരു സമുദായത്തിന്റെ ലീഡറായിട്ട് നിന്ന് ആ സമുദായത്തിന് കിട്ടേണ്ട സാമ്പത്തികമൊക്കെ സ്വന്തം താത്പര്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. അത് ഞാന്‍ 15-20 കൊല്ലം മുമ്പ് എതിര്‍ത്തതാണ്. വെള്ളാപ്പള്ളി നടേശനെതിരേ വിരല്‍ ചൂണ്ടിയാല്‍ വിരല്‍ നഷ്ടപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്ത് എതിര്‍ത്ത ആളാണ് ഞാന്‍. ആരായാലും അഭിപ്രായം തുറന്നുപറയാനുള്ള തന്റേടം എനിക്കുണ്ട്, ഗോകുലം ഗോപാലന് പറഞ്ഞു.
ശോഭ സുരേന്ദ്രനെന്ന വ്യക്തിക്ക് ഞാന്‍ സ്ഥാനം കൊടുക്കുന്നില്ല. അവര്‍ കാന്‍ഡിഡേറ്റാണ്. അതാണ് ഞാന്‍ എതിര്‍ക്കാനുള്ള പ്രധാനപ്പെട്ട കാരണം. ഇന്ന് ഞാന്‍ കേസുകൊടുത്തു. കാരണം, പോകുന്നവരും വരുന്നവരും ഗോകുലം ഗോപാലനേപ്പറ്റി പറഞ്ഞാല്‍, വഴിക്കുള്ള ചെണ്ടയല്ല ഞാന്‍. ജനങ്ങള്‍ അത് തെറ്റാണെന്ന് പറയുകയാണ്. അത് മനസിലാക്കി മാപ്പ് പറയുന്നുണ്ടെങ്കില്‍ പറയട്ടെ. അവിടെ ചെയ്തത് തെറ്റാണെന്ന് സമൂഹത്തോട് പറയണമെന്നും ഗോകുലം ഗോപാലന് കൂട്ടിച്ചേര്‍ത്തു.