കൊച്ചി:സിനിമാലോകവും രാഷ്ട്രീയ ലോകവും ഒരുപോലെ കാത്തിരിക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമാണ് നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു എന്നതിനാല്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ വിവാഹമാണ് ഇത്. സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യയെ വിവാഹം കഴിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹന്‍ ആണ്. ഇപ്പോഴിതാ വിവാഹ ഒരുക്കങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സുരേഷ് ഗോപിയുടെ മൂത്ത മകനും നടനുമായ ഗോകുല്‍ സുരേഷ്.
പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാല്‍ അല്‍പം കൂടി ടെന്‍ഷന്‍ ഉണ്ട് എന്ന് ഗോകുല്‍ പറയുന്നു. അതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ചില പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നും ഗോകുല്‍ കുറ്റപ്പെടുത്തി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഗോകുല്‍ സുരേഷിന്റെ പ്രതികരണം. പല കാര്യങ്ങള്‍ക്കും കേരള സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു എന്നാണ് ഗോകുലിന്റെ ആരോപണം.
പ്രധാനമന്ത്രി ഭാഗ്യയുടെ കല്യാണത്തിന് എത്തുന്നു എന്നത് വലിയ കാര്യമാണ് എന്നും അദ്ദേഹത്തിന്റെ സുരക്ഷ സര്‍ക്കാര്‍ നോക്കിക്കോളും എന്നും ഗോകുല്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം വരുന്നതുകൊണ്ട് ഒരുപാട് സജ്ജീകരണങ്ങള്‍ വേണം എന്നും കേരളാ പൊലീസും മറ്റു ഉദ്യോഗസ്ഥരുമൊക്കെ തങ്ങളോട് വലിയ ഡിമാന്‍ഡുകള്‍ ആണ് വെക്കുന്നത് എന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് മണിക്കൂറിന്റെ ഗ്യാപ്പില്‍ 600 ബാരിക്കേഡ് വേണമെന്നൊക്കെയാണ് വിളിച്ച് പറയുന്നത്. അതൊക്കെ സംഘടിപ്പിക്കാന്‍ നന്നായി ബുദ്ധിമുട്ടി. അതെല്ലം ഇവന്റ് മാനേജ്മെന്റ് ചെയ്യുമെങ്കിലും അവസാന നിമിഷം ഇത്തരം ഡിമാന്‍ഡ് വരുന്നത് ബുദ്ധിമുട്ടാണ് എന്ന് ഗോകുല്‍ പറഞ്ഞു. മനുഷ്യത്വം ഇല്ലാത്ത കാര്യങ്ങള്‍ ആണ് ചെയ്യുന്നത് എന്നും ഗോകുല്‍ തുറന്നടിച്ചു. എത്രയോ കിലോമീറ്റര്‍ തുണി വെച്ച് മറച്ചിട്ടുണ്ട്.
ഇനി അതിന്റെ മൂന്നിരട്ടി ഏരിയ കൂടി കവര്‍ ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത് എന്നും ഗോകുല്‍ പറയുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്നതിലൂടെ പ്രധാനമന്ത്രിക്ക് അച്ഛനോടുള്ള സ്‌നേഹമാണ് വെളിപ്പെടുന്നത് എന്നും ല്ലെങ്കില്‍ ഇത്രയും ബുദ്ധിമുട്ടി അദ്ദേഹം ഇവിടെവരെ വരേണ്ട കാര്യമില്ല എന്നും ഗോകുല്‍ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിമാര്‍ ആരൊക്കെ വരുമെന്ന് അറിയില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് എന്നിവരൊക്കെ ഗുരുവായൂരില്‍ ഉണ്ടാകും എന്നും ഗോകുല്‍ വ്യക്തമാക്കി.
വിവാഹം സംബന്ധിച്ച് അച്ഛന് യാതൊരു വിധ സമ്മര്‍ദ്ദവും കൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും ഗോകുല്‍ പറഞ്ഞു. ഷൂട്ടിങ്ങിന് ഇടയില്‍ പോലും അച്ഛന്‍ കല്യാണത്തിന് ആളുകള്‍ വരുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു എന്നും ഗോകുല്‍ പറഞ്ഞു.