പാലക്കാട്: ജില്ലയിലെ ബൈക്ക് അഭ്യാസികളിൽ പ്രധാനിയായ പൊൽപ്പുള്ളി സ്വദേശി ജിഷ്ണുവിന് എൻഫോഴ്സ്മെന്റ് ആർടിഒയുടെ മൂക്കുകയർ. നടുറോഡിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൌണ്ടിലും ബൈക്കിൽ അഭ്യാസം നടത്തിയതിന് ജിഷ്ണുവിനെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു.
ജിഷ്ണുവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ലൈസൻസും റദ്ദാക്കി. ബൈക്കിൽ രൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തുന്ന ജിഷ്ണുവിനെ നിരവധി പേരാണ് ഇൻസ്റ്റ ഗ്രാമിലടക്കം പിന്തുടരുന്നത്. ബൈക്കിന്‍റെ ആർസി ബുക്കും എൻഫോഴ്സ്മെന്റ് ആർടിഒ പിടിച്ചെടുത്തു.
സ്ഥിരമായി അഭ്യാസ പ്രകടനം നടത്തുന്നതിന് വേണ്ടി നിരവധി മോഡിഫിക്കേഷനുകളാണ് ജിഷ്ണു ഇരുചക്രവാഹനത്തില്‍ നടത്തിയത്. ഹാന്‍ഡില്‍, അഡീഷണല്‍ ബ്രേക്ക്, ടാങ്കില്‍ കയറി നില്‍ക്കാനുള്ള സീറ്റ്, പില്യണ്‍ സീറ്റില്‍ കയറി നില്‍ക്കാനായുള്ള മാറ്റങ്ങള്‍, രണ്ട് വശങ്ങളിലും അഭ്യാസ പ്രകടനത്തിനിടെ കയറി നില്‍ക്കാനുള്ള ബാറുകള്‍, മുന്‍പില്‍ നിന്ന് തന്നെ ബ്രേക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള അഡീഷണല്‍ കാലിബര്‍, ചെയിന്‍, സോക്കറ്റ് എന്നിവയിലും മാറ്റമുണ്ട്. നിലവിലെ അവസ്ഥയില്‍ ഈ മാറ്റങ്ങളോടെ ഈ ബൈക്ക് നിരത്തിലിറക്കുന്നത് അപകടങ്ങളുണ്ടാക്കുമെന്ന് പാലക്കാട് എൻഫോഴ്സ്മെന്‍റ് ആർടിഒ എം.കെ.ജയേഷ് കുമാർ പറയുന്നു.
ഇത് ആദ്യമായല്ല ജിഷ്ണുവിനെ മോട്ടോര്‍ വാഹന വകുപ്പ് നിയമലംഘനങ്ങളുടെ പേരില്‍ പിടികൂടുന്നത്. നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ വീഡിയോകള്‍ ജിഷ്ണു സമൂഹമാധ്യമങ്ങളിലും പങ്കുവക്കുന്നത് സാധാരണമാണ്. നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി താക്കീത് നല്‍കിയതിന് പിന്നാലെ സ്ഫടികം സിനിമയില്‍ ആട് തോമയുടെ പരിഹാസ ഡയലോഗുമായി വീഡിയോ ഇറക്കിയിട്ടുണ്ട് ജിഷ്ണു.
സ്വന്തം നിലയിലാണ് ജിഷ്ണു വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ജിഷ്ണു സ്റ്റന്‍ഡ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിന് നിരവധിപ്പേരാണ് പിന്തുടരുന്നത്. പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ ബൈക്ക് സ്റ്റന്‍ഡര്‍ എന്ന നിലയിലാണ് ജിഷ്ണുവിന്‍റെ അഭ്യാസ പ്രകടനങ്ങള്‍. ബൈക്കിന്‍റെ ആര്‍സി ഉടന്‍ തന്നെ റദ്ദാക്കാനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.