മാള: ജനകീയപ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയായി പ്രവര്‍ത്തിക്കാത്തതിന് മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാളയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. ”നിന്റെ മൈക്കിന് ഞാനാ ഉത്തരവാദി” എന്നാണ് എം.വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് ചോദിച്ചത്.
പ്രസംഗത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ മൈക്കിന്റെ സ്ഥാനം ശരിയാക്കുകയും മൈക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു സാധിക്കാതായതോടെ എം.വി. ഗോവിന്ദനോട് കുറച്ചുകൂടി അടുത്തേക്കുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയായിരുന്നു ഗോവിന്ദന്റെ രോഷപ്രകടനം.
മൈക്ക് ഓപ്പറേറ്റര്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ അങ്ങോട്ട് പൊയ്ക്കോ എന്നും പറയുന്നുണ്ട്. തുടര്‍ന്ന് തന്റെ മുന്നിലിരിക്കുന്നവരോട് സംഭവം വിശദീകരിക്കുകയും ചെയ്തു
. ”മൈക്കിന്റെ അടുത്തുനിന്ന് പറയണം എന്നാണ് ചങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുമ്പില്‍നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്നപോലെയാ വിശദീകരണം. കുറേ സാധനങ്ങളുണ്ട്, അതൊന്നും ശരിയായിട്ട് ശാസ്ത്രീയമായിട്ട് കൈകാര്യം ചെയ്യാനറിയില്ല.
മൈക്ക് ഏറ്റവും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമാണ്. കുറേ ഉപകരണം വാരി വലിച്ച് കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല. ആളുകള്‍ക്ക് സംവേദിക്കാന്‍ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാനറിയണം.
ആളുകള്‍ ശബ്ദമില്ലെന്ന് പറയുന്നുണ്ടെന്ന് എനിക്കറിയാം. ഉടനെ ശബ്ദം ഉണ്ടാക്കാന്‍ പുറപ്പെട്ട് അതിനടത്ത് വന്ന് പറഞ്ഞോളണം എന്നാണ്” – ഗോവിന്ദന്‍ പറഞ്ഞു. ഇതിനിടയില്‍ സദസ്സില്‍നിന്ന് കൈയടിയും മുഴങ്ങി. മൈക്കിന്റെ കുഴപ്പമല്ലെന്നും അത് കൈകാര്യം ചെയ്യുന്നവരുടെ അറിവില്ലായ്മയാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.