ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്‌മ ചെല്‍നിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം. സംയുക്ത സേനാമേധാവി ജനറല്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും 2020ല്‍ തായ്വാന്‍ ചീഫ് ജനറലിന്റെ ഹെലികോപ്റ്റര്‍ അപകടവും തമ്മില്‍ സാമ്യമുണ്ട് എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്.
റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. റഷ്യയുമായുള്ള എസ്- 400 മിസൈല്‍ ഇന്ത്യയിലേക്ക് എത്തിക്കുമ്പോള്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 11 മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചയ്ക്ക് 11 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാം. 12.30 മുതല്‍ 1.30 വരെ സേനാംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. വെള്ളിയാഴ്ച രാത്രിയോടെയാണ് ബിപിന്‍ റാവത്തിന്റെയും മരിച്ച മറ്റ് സൈനികരുടെയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെ എത്തിയിരുന്നു.