ലഖ്‌നൗ: പൂര്‍ണവളര്‍ച്ചയെത്താതെ മരിച്ച കുഞ്ഞിനെ മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടത്തില്‍ ജീവന്റെ തുടിപ്പുമായി മറ്റൊരു പെണ്‍കുഞ്ഞ്.ഉത്തര്‍ പ്രദേശിലാണ് കേട്ടാല്‍ പോലും ശ്വാസം നിലയിക്കുന്ന സംഭവം നടന്നിരിയ്ക്കുന്നത്.
പ്രസവ വേദനയേത്തുടര്‍ന്നാണ് ബറൈലിയിലെ സബ് ഇന്‍സ്‌പെക്ടറായ വൈശാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണവളര്‍ച്ചയെത്താതെ ഏഴുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വൈശാലി പ്രസവിയ്ക്കുകയും ചെയ്തു.എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു.വ്യാഴാഴ്ച വൈകിട്ടാണ് കുഞ്ഞിനെ മറവു ചെയ്യാന്‍ ഭര്‍ത്താവ് ഹിതേഷ് കുഴിയെടുത്തത്. ഇതിനിടയിലാണ് മൂന്നടി താഴ്ചയില്‍ മണ്‍കുടം തൂമ്പയില്‍ തടഞ്ഞത്.തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജീവന്‍ തുടിയ്ക്കുന്ന ചോരക്കുഞ്ഞിനെ മണ്‍കുടത്തിനുള്ളില്‍ കണ്ടെത്തിയത്.ശരീരം തുടച്ച് വൃത്തിയാക്കി പാല്‍ നല്‍കി ഹിതേഷും വൈശാലിയും കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തി.
കടുത്ത ശ്വാസതടസം അനുഭവപ്പെട്ട പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.വിദഗ്ദ ചികിത്സ നല്‍കിയതിനേത്തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില തൃപ്തികരണാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട മാതാപിതാക്കളേക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.