KeralaNews

ഭയന്ന് വിറച്ച് ഒരു രാത്രി കുറ്റിക്കാട്ടിൽ ഒറ്റയ്‌ക്ക്‌; ഒടുവിൽ പെൺകുട്ടിയെ കണ്ടുകിട്ടി

ചീപ്പുങ്കൽ (കുമരകം):കാമുകന്റെ മരണവെപ്രാളം കണ്ട് ഭയന്നോടിയ പെൺകുട്ടി ഒരുരാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് സമീപത്തെ കുറ്റിക്കാട്ടിൽ. വഴക്കിട്ട കാമുകൻ ആത്മഹത്യചെയ്തതിനെത്തുടർന്ന് ഭയന്ന് പെൺകുട്ടി കുറ്റിക്കാട്ടിൽ അഭയം തേടുകയായിരുന്നു.

പോലീസ് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് പെൺകുട്ടിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്.

ചീപ്പുങ്കൽ മാലിക്കായലിന് സമീപം ടൂറിസംവകുപ്പിന്റെ തകർന്ന കെട്ടിടത്തിൽ വെച്ചൂർ മാമ്പറയിൽ ഹേമാലയം വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപു (22) തൂങ്ങിമരിച്ചതിനെത്തുടർന്നാണ് കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കത്തും ബാഗും കണ്ടെത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെൺകുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടിൽ ബോധരഹിതയായി കിടക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ 12 പേരടങ്ങിയ പോലീസ് സംഘമാണ് കായലിലും മറ്റ് ജലാശങ്ങളിലും തിരച്ചിൽ നടത്തിയത്.

‘ചേതക്ക്’ എന്ന പോലീസ് നായ മണംപിടിച്ചെത്തിയ ദിശയിൽതന്നെയാണ് പെൺകുട്ടി കിടന്നിരുന്നതെങ്കിലും വെള്ളക്കെട്ടുമൂലം ചേതക്കിന് മുന്നോട്ടുനീങ്ങാൻ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോത്തിനെ കെട്ടാൻപോയ സമീപവാസിയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

തുടർന്ന്, സമീപവാസിയുടെ വീട്ടിലെത്തിച്ച പെൺകുട്ടിയെ പോലീസെത്തി ഏറ്റുവാങ്ങി. ബെംഗളൂരുവിൽ പഠിച്ചിരുന്ന പ്രണയിനിയെ ഗോപു വിളിച്ചുവരുത്തിയെന്നും പെൺകുട്ടി ബെംഗളൂരുവിൽ പഠിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നതുമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ മാതാപിതാക്കളെ ഏല്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button