പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ 14 വട്ടം കുത്തി; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. കേശവന്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ 14 തവണ കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കു ശേഷം കേശവന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.

ആത്തിക്കുളം സ്വദേശിനിയാണ് പെണ്‍കുട്ടി. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ കേശവന്‍ ആക്രമിച്ചത്. റെയില്‍വേ ഓവര്‍പാസിന് അടുത്തുവെച്ച് ഇയാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. നേരത്തെ മുതല്‍ കേശവന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021 ജൂണ്‍ മാസത്തില്‍ ഇയാള്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ഈയടുത്താണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. തിരുച്ചി പൊത്തമേട്ടുപ്പട്ടി സ്വദേശിയാണ് കേശവന്‍.

ആക്രമണം നടന്ന ദിവസം, ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്ന് കൈവശം കരുതിയിരുന്ന കത്തികൊണ്ട് കേശവന്‍ പെണ്‍കുട്ടിയെ തുടരെത്തുടരെ കുത്തുകയായിരുന്നു. ശേഷം കത്തി അവിടെത്തന്നെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. രക്തം വാര്‍ന്നുകിടന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രിയാണ് റെയില്‍വേ ട്രാക്കില്‍ കേശവന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ കേശവനെ പിടികൂടാന്‍ പോലീസ് മൂന്നുസംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെയാണ് മണപ്പാറൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. കേശവന്റെ പിതാവെത്തി മൃതദേഹം മകന്റേതാണെന്ന് സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News