റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംകയില്‍ യുവാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ഷാരൂഖ് എന്നയാള്‍ പെണ്‍കുട്ടിയെ തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
സൗഹൃദം സ്ഥാപിക്കാനായി പ്രതി നിരന്തരം ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന് മരണമൊഴി നല്‍കിയിട്ടുണ്ട്. പത്തുദിവസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചു. ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിക്കാമെന്ന് പിതാവ് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. ഇതിനുശേഷം എല്ലാവരും ഉറങ്ങാന്‍ പോവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ തീകൊളുത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് കൊണ്ട് തൊട്ടടുത്ത പിതാവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ദുംകയില്‍ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്‌റങ്ദളും ദുംകയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സമരങ്ങള്‍ ശക്തമായതോടെ ദുംക സബ്ഡിവിഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും റാലികള്‍ സംഘടിപ്പിക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.