ആലത്തൂര്‍:ബുക്ക് സ്റ്റാളില്‍നിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിയ ബിരുദ വിദ്യാര്‍ത്ഥിനിയായയെ കാണാതായിട്ട് 44 ദിവസങ്ങള്‍. പാലക്കാട് ആലത്തൂരിലെ പുതിയങ്കം ഭരതന് നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്. വീട്ടില്‍നിന്ന് നടന്നെത്താവുന്ന ദൂരത്ത് സൂര്യയുടെ അച്ഛന് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് അച്ഛന് ജോലി ചെയ്യുന്ന കടയിലേക്കു പോയതായ സൂര്യ അച്ഛന്റെ അടുത്ത എത്തും മുൻപേ കാണാതായി. വീട്ടിൽ നിന്നും പതിനഞ്ചു മിനിറ്റ് യാത്ര ചെയ്യേണ്ട ദൂരം മാത്രമേ അച്ഛന്റെ അടുത്തേയ്ക്ക് ഉണ്ടായിരുന്നുള്ളു. സൂര്യ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മ സുനിത രാധാകൃഷ്ണനെ വിളിച്ചു മകള്‍ ഇറങ്ങിയ കാര്യം അറിയിച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അവള് എത്തിയില്ല. അച്ഛന് വീട്ടിലേക്കു വിളിച്ചപ്പോള്‍ അവിടെയുമില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സൂര്യ തിരിച്ചു വന്നില്ല. വീടിനു സമീപത്തുള്ളവര്‍ തൃശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണന് ആലത്തൂര്‍ പൊലീസില്‍ പരാതിയും നല്കി.
സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസിന് വെല്ലുവിളിയായിരിക്കുകയാണ്.പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ഗോവയില്‍ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗോവയിൽ അന്വേഷണം നടത്തുകയും ചെയ്തെങ്കിലും ഫലം ഉണ്ടായില്ല
സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമായി ഒരു പെണ്‍കുട്ടി യാതൊരു സൂചനയും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതിന് പിന്നിലെ ആശയക്കുഴപ്പത്തിലാണ് അന്വേഷണസംഘം.