പെണ്ണുകാണല്‍ മണിക്കൂറുകള്‍ നീണ്ടു! അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍; ചെറുക്കന്‍ വീട്ടുകാരെ തടഞ്ഞുവെച്ചു

നാദാപുരം: പെണ്ണുകാണാന്‍ വന്ന ചെക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. മാനസികമായി തളര്‍ന്ന് അവശയായ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം. വിലാതപുരത്തുനിന്നുള്ളവരാണ് വാണിമേലില്‍ പെണ്ണ് കാണാനെത്തിയത്.

രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തി. സ്ത്രീകള്‍ ഒന്നിച്ച് മുറിയില്‍ കയറി യുവതിയുമായി സംസാരിച്ചു. ബിരുദവിദ്യാര്‍ഥിയായ യുവതിയെ മുറിയുടെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ‘ഇന്റര്‍വ്യൂവിന്’ വിധേയയാക്കിയത്.

തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചു. എന്നാല്‍ കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെ രംഗം വഷളായി. യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥന്‍ സംഘത്തിലുള്ളവര്‍ക്കെതിരെ തിരിഞ്ഞു. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു.

ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഇവരെ പോകാന്‍ അനുവദിച്ചു. ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷന്‍മാരെ രണ്ടു മണിക്കൂറോളം വീട്ടില്‍ ബന്ദിയാക്കി. സംഘമെത്തിയ കാറുകളില്‍ ഒന്ന് വിട്ടുകൊടുത്തുമില്ല. പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News