പി.എസ്.സി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് മറന്ന് പെണ്‍കുട്ടി; ഹാള്‍ടിക്കറ്റുമായി പാഞ്ഞ് ട്രാഫിക് പോലീസ്

തൃശൂര്‍: പി.എസ്.സി ഹാള്‍ടിക്കറ്റ് എടുക്കാന്‍ മറന്ന പെണ്‍കുട്ടിക്ക് സഹായവുമായി ട്രാഫിക്ക് പോലീസിന്റെ ഇടപെടല്‍. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാവിലെ 9.30-നായിരുന്നു സംഭവം. സിവില്‍ പൊലീസ് ഓഫീസര്‍ സിപി സുധീഷ് ആണ് സമയോചിത ഇടപെടലിലൂടെ പെണ്‍കുട്ടിയെ പരീക്ഷ എഴുതാന്‍ സഹായിച്ചത്.

എന്നെയൊന്നു സഹായിക്കണം എന്ന് പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് പെണ്‍കുട്ടി സുധീഷിനെ സമീപിക്കുകയായിരുന്നു. പേടിക്കാതെ കാര്യം പറയാന്‍ പറഞ്ഞ് സുധീഷ് പെണ്‍കുട്ടിയെ ആശ്വസിപ്പിച്ചു. പിഎസ് സി പരീക്ഷയ്ക്കു വന്നതാണെന്നും ഹാള്‍ടിക്കറ്റെടുക്കാന്‍ മറന്നുവെന്നും പെണ്‍കുത്തി പറഞ്ഞു.

തൃശ്ശൂരിലെ ടെക്‌നിക്കല്‍ സ്‌കൂളിലായിരുന്നു പെണ്‍കുട്ടിക്ക് പരീക്ഷ. പത്തുമണിക്ക് പരീക്ഷാഹാളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പരീക്ഷ എഴുതാനാവില്ല. ഇതോടെ ഹോള്‍ടിക്കറ്റ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സുധീഷ് ആവശ്യപ്പെട്ടു. പിന്നാലെ അത് തന്റെ ഫോണിലേക്ക് അയക്കാന്‍ പറഞ്ഞു.ഈ ഹാള്‍ടിക്കറ്റ് വാട്‌സ്ആപ്പ് വഴി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് സുധീഷ് അയച്ചുകൊടുത്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ഉടന്‍ പ്രിന്റ് ഔട്ട് എടുത്ത് ജീപ്പില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി. ഉടനെ തന്നെ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ക്കയറ്റി പരീക്ഷാകേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. ഒപ്പം വിജയാശംസകളും നേര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News