നാമക്കല്‍: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര് ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടര്‍ വിശദമാക്കി. തന്തൂര്‍ വിഭവങ്ങള്‍ക്കും ഷവര്‍മ്മയ്ക്കുമാണ് താല്‍ക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചക്. മാതാപിതാക്കള്‍ക്കും സഹോദരനും ബന്ധുവിനൊപ്പവുമാണ് കലൈഅരൈസി ഈ റെസ്റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചത്.
ഫ്രൈഡ് റൈസും, ഷവര്‍മ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. എ എസ് പേട്ടയിലെ വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഛര്ദിക്കാന് ആരംഭിക്കുകയായിരുന്നു. പനിയും തളര്‍ച്ചയും ഒഴിച്ചിലും കൂടിയായതോടെ പെണ്‍കുട്ടിയെ കുടുംബം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅരൈസിയെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെതതുകയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ ഭക്ഷണ ശാലയില്‍ നിന്ന് 200ഓളം പേരാണ് ഭക്ഷണം കഴിച്ചിട്ടുള്ളത്.
നാമക്കല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ 11 പേര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ചികിത്സ തേടിയവരില്‍ അഞ്ച് കുട്ടികളും ഗര്‍ഭിണിയുമുണ്ട്. ഭക്ഷണശാലയിലെ പരിശോധനയില്‍ സാംപിളുകള്‍ ശേഖരിച്ച ശേഷം മിച്ചമുള്ളവ നശിപ്പിച്ച് കളഞ്ഞതായി കളക്ടര്‍ വിശദമാക്കി. ഹോട്ടല്‍ ഉടമയും ഭക്ഷണം ഉണ്ടാക്കിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.