കോട്ടയം: കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ ഫ്‌ളാറ്റിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റിലെ താമസക്കാരിയായ പതിനഞ്ചുകാരി റിയാ മാത്യുവാണ് വീണ് മരിച്ചത്. ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും താഴെ വീണാണ് റിയയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
ശനിയാഴ്ച രാത്രി 10 മണിയോടെ കഞ്ഞിക്കുഴി – ദേവലോകം റോഡിൽ സ്‌കൈലൈൻ ഫ്‌ളാറ്റിലായിരുന്നു സംഭവം. കളക്ടറുടെ ഔദ്യോഗിക വസതിയ്ക്കു സമീപത്തായാണ് സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്‌ളാറ്റിൽ നിന്നും ശനിയാഴ്ച രാത്രി പത്തു മണിയോടെ പെൺകുട്ടി താഴെ വീണതായി വാർത്ത പ്രചരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി വീണ് കിടക്കുന്നതായി കണ്ടെത്തിയത്.
കുട്ടിയെയുമായി ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രാഥമിക പരിശോധന നടത്തി ചികിത്സ അടക്കം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കുട്ടി ഫ്‌ളാറ്റിൽ നിന്നു വീണതാണോ, താഴേയ്ക്കു ചാടിയതാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ലെന്നു പൊലീസ് സംഘം പറഞ്ഞു. രാത്രി ആയതിനാൽ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും ഈസ്റ്റ് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട് പൊലീസ്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.