FeaturedHome-bannerNationalNews

യു.പിയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നു,ജാ​ഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്,ഡൽഹിയിലും രോഗികൾ കൂടുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ദേശീയ തലസ്ഥാന മേഖല (എൻ‌സി‌ആർ) ജില്ലകളിലാണ് കൊവിഡ് കേസുകൾ വർധിക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് 19 മാനേജ്‌മെന്റ് യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശങ്ങൾ നൽകിയതായി പ്രസ്താവനയിൽ പറയുന്നു. സമീപദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊവിഡ് കേസുകളുടെ വർധനവുണ്ടായിട്ടുണ്ടെന്നും എൻസിആർ ജില്ലകളിലും കേസുകൾ വർധിക്കാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി യോ​ഗത്തിൽ പറഞ്ഞു.

എല്ലാ എൻസിആർ ജില്ലകളും ജാ​ഗ്രതപുലർത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനിതക പഠനത്തിനായി കൊവിഡ് രോഗികളുടെ സാമ്പിളുകൾ അയക്കാനും യോഗി ആദിത്യനാഥ് നിർദേശം നൽകി. ശനിയാഴ്ച ഗൗതം ബുദ്ധ് നഗറിൽ 70 കൊവിഡ് കേസുകളും ഗാസിയാബാദിൽ 11 കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ 700 സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് ലഭ്യമാണ്.

ഡൽഹിയിൽ (Delhi) കൊവിഡ് പോസിറ്റീവായ (Covid Positive) സ്കൂൾ വിദ്യാർത്ഥികളുടെ (School Students) എണ്ണത്തിൽ വർദ്ധനവ്. ആവശ്യമെങ്കിൽ സ്കൂൾ അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചതോടെ മാതാപിതാക്കൾക്കിടയിലും ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. അംബേദ്കർ ജയന്തിയും ദുഃഖവെള്ളിയാഴ്ചയും തുടർന്ന് വാരാന്ത്യവും പ്രമാണിച്ച് ദില്ലിയിലെ സ്‌കൂളുകൾക്ക് നാല് ദിവസത്തെ അവധിയുണ്ട്. തങ്ങളുടെ പ്രദേശങ്ങൾ കൊവിഡ് ബാധിതമാണോ എന്ന കാര്യത്തിൽ മാതാപിതാക്കളിൽ നിന്ന് അറിയിപ്പുകൾ.

കോവിഡ് -19 കേസ് കണ്ടെത്തിയ ഒരു പ്രത്യേക വിഭാഗമോ ക്ലാസ് മുറിയോ താൽക്കാലികമായി അടച്ചിടണമെന്നും പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ മുഴുവൻ സ്‌കൂളും അടയ്‌ക്കാവൂ എന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച പറഞ്ഞു. ദേശീയ തലസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഏപ്രിൽ 20ന് ദില്ലി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം വിളിച്ചിട്ടുണ്ട്. വസന്ത് കുഞ്ചിലെ ഒരു മുൻനിര സ്വകാര്യ സ്‌കൂളിലെ കുറഞ്ഞത് അഞ്ച് വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ ആഴ്‌ചയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

കൊവിഡ് മഹാമാരി കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണ്ണമായും ഓഫ്‌ലൈൻ ക്ലാസുകൾക്കായി തുറന്ന് ആഴ്ചകൾക്ക് ശേഷം സ്കൂളുകളിൽ നിന്നുള്ള അണുബാധകളുടെ റിപ്പോർട്ടുകൾ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ നോയ്ഡയിലെയും ഗാസിയാബാദിലെയും സ്കൂളുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അവരോട് സ്‌കൂളുകൾ അടച്ചിടാൻ ആവശ്യപ്പെട്ടിട്ടില്ല. മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് ഒരാൾക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയ ഒരു പ്രത്യേക വിഭാഗമോ ക്ലാസ് മുറിയോ മാത്രമേ താൽക്കാലികമായി അടച്ചിടാവൂ എന്നാണ്,” പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി സിസോദിയ പറഞ്ഞു. വിദ്യാർത്ഥികളും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പ് പങ്കിട്ട ഡാറ്റ പ്രകാരം ദില്ലിയിൽ വ്യാഴാഴ്ച 325 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തു, അതേസമയം പോസിറ്റീവ് നിരക്ക് 2.39 ശതമാനമാണ്.

ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നു. 26,158 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി സര്‍ക്കാറിന്റ പുതിയ നീക്കം. വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ഹോം ഐസോലേറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും 48 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ വളരെ കുറവ് ആളുകള്‍ മാത്രമാണ് പരിശോധനക്ക് വിധേയരാകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker