'റിയലി സോറി', മാതാപിതാക്കളുടെ കുറിപ്പോടെ നവജാത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

'റിയലി സോറി', മാതാപിതാക്കളുടെ കുറിപ്പോടെ നവജാത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം ഒരു കുറിപ്പും. ‘റിയലി സോറി, സാമ്പത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം.’ ഇതായിരുന്നു കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റിലുണ്ടായിരുന്ന കുറിപ്പിലെ വാചകം. മഹാരാഷ്ട്രയിലെ പൻവേലിലാണ് സംഭവം.

പൻവേലിലെ ടാക്ക കോളനിയിലെ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതായി പ്രദേശവാസി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തികാവസ്ഥയില്ലെന്നുള്ള മാതാപിതാക്കളുടെ ഇംഗ്ലീഷിലെഴുതിയ കുറിപ്പ് ലഭിച്ചതായി പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ‘സോറി’ എന്നും കത്തില്‍ കുറിച്ചിരുന്നതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ ഉടനെ ശിശുരോഗവിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ഭാരതീയ ന്യായ സംഹിതയുടെ അനുബന്ധവകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. അതേസമയം പര്‍ദയണിഞ്ഞ ഒരു വ്യക്തി കുഞ്ഞിനെ കിടത്തിയ ബാസ്കറ്റുമായി നീങ്ങുന്നതും ബാസ്കറ്റ് ഉപേക്ഷിക്കുന്നതുമായ സിസിടിവി പോലീസിന് ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News