കോഴിക്കോട്: സംഘടനയില്‍ തർക്കങ്ങൾ ഉണ്ടാക്കരുതെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തർക്കം തുടങ്ങിയാൽ അടിച്ചമർത്താൻ പ്രയാസം ഉണ്ടാകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയ്ക്ക് പല സംഘടനകളുമായും ബന്ധം ഉണ്ടാകും.
മഹാന്മാർ കാണിച്ച മാർഗത്തിനോട് പിൻപറ്റുകയാണ് വേണ്ടത്. ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാധ്യമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന ചടങ്ങിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
വിദ്വേഷവും പരസ്പരമുള്ള പോരും നമ്മൾ ഒഴിവാക്കണം. സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. സമസ്ത മഹത്തായ പ്രസ്ഥാനമാണ്, അതിന് വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനം ചെയ്യരുത്. സമസ്ത മഹത്തായ പ്രസ്ഥാനമാണ് അതിന് വിള്ളൽ ഉണ്ടാകരുത്. പ്രസിഡൻ്റ് സ്ഥാനത്ത് ഞാൻ പോരെങ്കിൽ മാറ്റണം, പറ്റിയ ആളുകളെ നിയമിക്കണം.
സംഘടന മഹത്തായി നിലനിൽക്കുക എന്നതാണ് പ്രധാനം, ഈ സംഘടന കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം’, ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പലരും തോന്നിയത് എഴുതുന്നുവെന്നും അദ്ദേഹം ആരോപിച്ചു . മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും വേദിയിലുണ്ടായിരുന്നു.