ഡൽഹി:രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.വിദേശത്തു നിന്ന് രാജ്യത്തേക്ക് എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം നിർദേശിച്ചു.
യുകെ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്കാണ് ഈ നിർദേശം ബാധകമാവുക. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം കണ്ടെത്തുന്നുതിനാണ് പരിശോധന. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം അറിയിച്ചു.പരിശോധനയ്ക്കുള്ള തുക യാത്രക്കാർ തന്നെ വഹിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ജനിതക മാറ്റം വന്ന വൈറസുകളുടെ ബാധയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
വൈറസുകളില്‍ ജനിതക വ്യതിയാനം വരുന്നത് സ്വാഭാവികമാണ്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ അക്കാര്യം വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതും പഠനവിധേയമാക്കേണ്ടതും അനിവാര്യമാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ കോവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം നമ്മള് പഠന വിധേയമാക്കുന്നത്. അങ്ങനെ കൃത്യമായി വൈറസുകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അതിനോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സാമ്ബിളുകള്‍ പരിശോധിക്കുന്നുണ്ട്. ജനിതക വ്യതിയാനങ്ങള്‍ അതിന്റെ ഭാഗമായി കണ്ടെത്തുകയും അവയുടെ സ്വഭാവത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേല്പറഞ്ഞ ജനിതക വ്യതിയാനം ഏതെങ്കിലും തരത്തില്‍ അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.
തീര്‍ത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച് വാര്‍ത്ത നല്കുമ്ബോള് കൂടുതല്‍ അവധാനത കാണിക്കേണ്ടതുണ്ട്. അനാവശ്യമായ ഭീതി പരത്താനല്ല, ശാസ്ത്രീയമായ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നല്കി ബോധവല്‍ക്കരിക്കാനാണ് പൊതുവെ ശ്രമിക്കേണ്ടത്.” മുഖ്യമന്ത്രി പറഞ്ഞു.