ആലപ്പുഴ:സ്‌കൂട്ടറില്‍ സഞ്ചരിക്കുകായായിരുന്ന യുവാവിനെ അജ്ഞാത സംഘം കുരുമുളക് സ്പ്രേ മുഖത്തടിച്ച് ആക്രമിച്ചു. കായംകുളം ചുനാട് അയ്യപ്പയില്‍ അഡ്വ.എന്‍ എസ് ശ്രീകുമാറിന്റെ മകന്‍ ഹരിഗോവിന്ദിനെയാണ് രണ്ടംഗ സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് കാപ്പില്‍ വിശ്വഭാരതി സ്‌കുളിന് കിഴക്കു വശത്ത് വച്ചായിരുന്നു സംഭവം.
ഹെല്‍മെറ്റ് ധരിച്ച യുവാവ് സ്കൂട്ടർ ഓടിച്ചു വന്ന ഹരി ഗോവിന്ദിനോട് വിജനമായ സ്ഥലത്ത് വച്ച് ലിഫ്റ്റ് ചോദിക്കാനെന്ന വ്യാജേന കൈ കാണിച്ചുനിർത്തി. ഇരുവരും സംസാരിച്ചുകൊണ്ടു നിൽക്കവെ മുഖേത്തേക്കു കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു.
തുടർന്ന് മറ്റൊരു യുവാവ് ബൈക്കിലെത്തി വടികൊണ്ട് പുറത്തടിക്കുകയുമായിരുന്നുവെന്ന് ഹരിഗോവിന്ദ് കായംകുളം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കില്‍ അക്രമിസംഘം പിന്തുടര്‍ന്നപ്പോള്‍ സ്കൂട്ടർ വേഗത്തിലാക്കി. അടുത്ത കടയിലേക്ക് കയറിയത് കൊണ്ടുമാത്രാമാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. സമാനമായ പല സംഭവങ്ങളും സമീപപ്രദേശത്ത് അടുത്തിടെ ഉണ്ടായിട്ടുണ്ട്.