ന്യൂഡൽഹി:ജനിതക മാറ്റം വന്ന വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍. ദില്ലി എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 20 പേരുടെ സാമ്പിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുക്കാൻ സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങളുമായി ഉന്നതതല യോഗം ചേർന്നു. അടുത്തമാസം രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തും. വാക്സിൻ വിതരണഘട്ടത്തിലേ പാളിച്ചകൾ കണ്ടെത്താനാണ് ഡ്രൈ റൺ. നേരത്തെ നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനിടെ മരുന്ന് കുത്തിവെയ്ക്കുന്നതിനായി 83 കോടി സിറിഞ്ചുകൾക്ക് കേന്ദ്രം ഓർഡർ നൽകി. രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.