കൊറോണ വൈറസിന് വീണ്ടും ജനിതക പരിവര്‍ത്തനം . പുതിയ വകഭേദം പഴയതിനേക്കാല്‍ എളുപ്പത്തില്‍ പടരുമെന്നാണ് പുതിയ പഠനം. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് പടര്‍ന്ന G614 എന്ന ഈ വകഭേദം പക്ഷേ, തീവ്രമായ രോഗം ഉണ്ടാക്കിയേക്കില്ലെന്നും സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും രോഗികളില്‍ നിന്ന് സാംപിളുകളെടുത്ത് ജനിതക സീക്വന്‍സിങ്ങ് നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത D614 എന്ന പഴയ വൈറസ് വകഭേദത്തേക്കാല്‍ വേഗത്തില്‍ ഇവ മൂക്കിലും സൈനസിലും തൊണ്ടയിലുമൊക്കെ പെരുകും. പഴയതിനേക്കാല്‍ മൂന്നു മുതല്‍ ഒന്‍പത് വരെ മടങ്ങ് രോഗവ്യാപന ശേഷി ഇതിനുള്ളതായും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പില്‍ ഫെബ്രുവരി മാസമാണ് G614 ആദ്യം കണ്ടെത്തിയത്. പഴയ വകഭേദത്തെ പൂര്‍ണമായും മാറ്റി ഇപ്പോഴിത് യൂറോപ്പിലും അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.
കൊറോണ രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്നെടുക്കുന്ന സിറത്തിന് G614 വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കോശങ്ങളിലേക്ക് കയറാന്‍ വൈറസിനെ സഹായിക്കുന്ന അതിന്റെ പ്രോട്ടീന്‍ മുനകളെയാണ് ജനിതക പരിവര്‍ത്തനം പ്രധാനമായും ബാധിക്കുന്നത്.
നിലവില്‍ വികസിപ്പിക്കുന്ന പല വാക്സിനുകളും ലക്ഷ്യമിടുന്നതും ഈ പ്രോട്ടീന്‍ മുനകളെ തന്നെ. പുതിയ വകഭേദത്തിന്റെ പ്രോട്ടീന്‍ മുനകളിലുണ്ടാകുന്ന മാറ്റം വാക്സിനുകളുടെ പ്രയോഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമോ എന്നാണ് ഗവേഷകര്‍ ആകംഷയോടെ ഉറ്റുനോക്കുന്നത്.