തിരുവനന്തപുരം: സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്തുശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ ഇനിമുതലുള്ള എല്ലാ പി.എസ്.സി നിയമനങ്ങള്‍ക്കും സംവരണം ബാധകമാണ്.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ചട്ടഭേദഗതിക്ക് മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത മുന്നാക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം ഒഴിവുകള്‍ നീക്കിവയ്ക്കുന്നതിനായാണ് ചട്ടഭേദഗതി.
പൊതുവിഭാഗത്തിനായി (ഓപ്പണ്‍ കോന്പറ്റീഷന്‍- ഒസി) മാറ്റിവച്ചിട്ടുള്ള 50 ശതമാനത്തില്‍ നിന്നാണ് സാന്പത്തിക സംവരണത്തിനുള്ള പത്തുശതമാനം കണ്ടെത്തുന്നത്. കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണത്തിലാണു ഭേദഗതി വരുത്തിയത്.
ഇതോടെ പൊതുവിഭാഗം ഒഴിവുകള്‍ 40 ശതമാനമായി കുറയും. മറ്റു സംവരണങ്ങളൊന്നുമില്ലാത്ത മുന്നാക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചട്ടഭേദഗതി വിജ്ഞാപനം ചെയ്യുന്ന തീയതി മുതല്‍ പിഎസ്സിയുടെ നടപടിക്രമത്തില്‍ മാറ്റം വരുത്താനാകും. ഈ വര്‍ഷം തന്നെ സാന്പത്തിക സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.