InternationalNews

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 436 പേർ

റഫ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതിൽ 182 പേർ കുട്ടികളാണ്. ഇതുവരെ 5087 പേരാണ് കൊലപ്പെട്ടത്. 15273 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 2055 പേര്‍ കുട്ടികളും 1119 പേര്‍ സ്തീകളും 217പേര്‍ വയോധികരുമാണ്.

ഇതിനിടെ ഗാസ സിറ്റിയുടെ സമീപ പ്രദേശമായ അല്‍ നസറില്‍ നിന്നും അല്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേലിന്റെ മുന്നറിയിപ്പ്. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കകം ഒഴിഞ്ഞ് പോകണമെന്നാണ് മുന്നറിയിപ്പ്.

ഇസ്രയേലിൻ്റെ സൈനിക കേന്ദ്രങ്ങളിൽ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസം ബ്രിഗേഡ് അവകാശപ്പെട്ടു. ടെലഗ്രാം മെസേജിങ് ആപ്പിലൂടെയാണ് അല്‍ ഖസം ആക്രമണ വിവരം പങ്ക് വച്ചത്. ഹറ്റ്‌സെരിം ബേസിലെ ഇസ്രായേല്‍ വ്യോമസേനയുടെ യൂണിറ്റുകളെയാണ് ഒരു ഡ്രോണ്‍ ലക്ഷ്യമിട്ടത്.

തസ്ലിം സൈനിക താവളത്തില്‍ സ്ഥിതിചെയ്യുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ സിനായ് ഡിവിഷന്റെ ആസ്ഥാനമാണ് രണ്ടാമത്തെ ഡ്രോണ്‍ ലക്ഷ്യം വച്ചതെന്നും ഹമാസ് അവകാശപ്പെട്ടു. ഇതിനിടെ ഗാസ മുനമ്പിലെ അതിര്‍ത്തി വേലിക്ക് സമീപമുള്ള തെക്കന്‍ കമ്മ്യൂണിറ്റികളായ നിര്‍ ഓസ്, ഐന്‍ ഹാബെസോര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ നുഴഞ്ഞുകയറ്റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ റേഡിയോ അറിയിച്ചു.

ഞായറാഴ്ച രാത്രി ഗാസയില്‍ പ്രവേശിച്ച് തെരച്ചില്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം. അടുത്തഘട്ട യുദ്ധത്തിന് തയ്യാറെടുക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ഗാസയില്‍ തെരച്ചില്‍ നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. തെരച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

തെക്കന്‍ ഗാസയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച ഒരു വിഭാഗം ഇസ്രയേലി സൈനികരെ നേരിട്ടതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് കടന്നുകയറ്റ ശ്രമമുണ്ടായതെന്നാണ് ഹമാസ് പറയുന്നത്. ഇസ്രയേലിന്റെ സൈനിക ഉപകരണങ്ങള്‍ വിജയകരമായി നശിപ്പിക്കാന്‍ സാധിച്ചെന്നും ഹമാസ് അവകാശപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രാത്രിയില്‍ വടക്കന്‍ ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ ഗാസയിലുണ്ടായ ആക്രമണത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റുവെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ച്ചയായുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആശുപത്രികള്‍ ഭീഷണിയിലാണ്. വൈദ്യുതിയും വെള്ളവും മറ്റ് അവശ്യ മെഡിക്കല്‍ വസ്തുക്കളും ലഭ്യമാകാതെ വന്നതോടെ ഗാസയിലെ ഏകദേശം 30 ആശുപത്രികളില്‍ ഏഴെണ്ണം അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്. മറ്റ് ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 120 നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയിലാണ്.

കൈവശമുള്ള ഇന്ധനം, വരുന്ന 48 മണിക്കൂറിനുള്ളില്‍ തീരുമെന്ന് വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സല്‍മിയ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള സഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ നിന്ന് രോഗികള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button