കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മുകേഷിനും മണിയന്‍പ്പിള്ള രാജുവിനും എതിരെ അടക്കം നടി മിനു മുനീര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് നടന്‍ ഗായത്രി വര്‍ഷ. മിനു തന്നോട് സിനിമ സെറ്റിലെ മോശം പെരുമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ഗായത്രി പറഞ്ഞു.
ടാ തടിയ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മണിയന്‍പിള്ള രാജു വന്ന് വാതിലില്‍ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. അതേസമയം അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന പേടിയില്‍ പലരും ഇത്തരം മോശം പെരുമാറ്റത്തിനെതിരെ പ്രതികരിക്കുന്നില്ല. അതുകൊണ്ട് ഇതൊക്കെ സിനിമയിലെ അലിഖിത നിയമം ആയി മാറിയിരിക്കുകയാണെന്നും ഗായത്രി വര്‍ഷ പറഞ്ഞു.
നേരത്തെ തന്നോട് മണിയന്‍പ്പിള്ള രാജു മോശമായി പെരുമാറിയെന്ന് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് മിനു പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ഗായത്രി സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാലും പ്രശ്‌നമാണ്. പ്രോത്സാഹിപ്പിക്കാന്‍ പകുതി 50 ശതമാനം ആളുകള്‍ പോലും ഉണ്ടാകില്ല.
പരാതിയുമായി വരുന്നവരുടെ കാര്യത്തില്‍ വ്യക്തമായ നിയമനടപടിയുണ്ടാവണം. കക്ഷി രാഷ്ട്രീയമൊന്നും ഇതില്‍ വിഷയമാകരുതെന്നും ഗായത്രി വര്‍ഷ പറഞ്ഞു. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മ സ്ത്രീകളെ കാണുന്നത് വെറും ശരീരമായിട്ടാണെന്നും ഗായത്രി വര്‍ഷ പറഞ്ഞിരുന്നു. അമ്മയില്‍ താന്‍ അംഗമല്ലെന്നും, അവരുടെ പ്രവര്‍ത്തനങ്ങളുമായും ബന്ധമില്ലെന്നും ഗായത്രി പറഞ്ഞു.
അതേസമയം മിനു മുനീറിന്റെ ആരോപണങ്ങളെ മണിയന്‍പിള്ള രാജു തള്ളി. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയില്‍ മിനുവും താനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ തെറ്റാണ്. ഞാന്‍ തെറ്റുകാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കട്ടെ.
വഴിവിട്ട രീതിയില്‍ അമ്മയില്‍ അംഗത്വം എടുക്കാന്‍ സാധിക്കില്ലെന്നും മണിയന്‍പ്പിള്ള രാജു പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ധാരാളം വരും. പണം തട്ടാന്‍ വേണ്ടിയും, അവസരം കിട്ടാത്തതില്‍ ദേഷ്യമുള്ളവരും ആരോപണങ്ങള്‍ ഉന്നയിക്കും. സത്യാവസ്ഥ അറിയാന്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിനു മുനീര്‍ കടുത്ത ആരോപണങ്ങളാണ് നടന്‍മാര്‍ക്കെതിരെ ഉന്നയിച്ചിരുന്നു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ചാണ് മുകേഷ് കടന്നുപിടിച്ചത്. താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു മുനീര്‍ പറഞ്ഞു.