ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനി. മൊത്തം ആസ്തിയില്‍ 5.74 ബില്യണ്‍ ഡോളര്‍ ( 5.03 ലക്ഷം കോടി രൂപ) വര്‍ധന ഉണ്ടായതോടെയാണ് പട്ടികയിലേക്ക് തിരിച്ചെത്തിയത്. ബ്ലൂംബര്‍ഗ് ബില്യണിയേഴ്‌സ് ഇന്‍ഡെക്‌സിന്റെ കണക്ക് പ്രകാരം 79.7 ബില്യണ്‍ ഡോളറാണ് ( ഏകദേശം 6.98 ലക്ഷം കോടി രൂപ) അദാനിയുടെ മൊത്തം ആസ്തി.
ആഗോളവിപണിയില്‍ തിങ്കളാഴ്ച ഏറ്റവും നേട്ടം കൊയ്ത വ്യവസായികളിലൊരാളാണ് അദാനി. ടെസ്ലയ്ക്കും സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിനും തൊട്ടുപിന്നില്‍ നിലയുറപ്പിക്കാന്‍ അദാനിയ്ക്കായി. 6.69 ബില്യണ്‍ ഡോളറാണ് ( ഏകദേശം 58607 കോടി രൂപ) മസ്‌കിന്റെ നേട്ടം. ഇതോടെ മസ്‌കിന്റെ മൊത്തം ആസ്തി 378 ബില്യണ്‍ ഡോളറായി ( ഏകദേശം 33.11 ലക്ഷം കോടി രൂപ). പട്ടികയില്‍ പ്രഥമസ്ഥാനം മസ്‌കിനാണ്.
ലോകസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഒറാക്കിളിന്റെ ലാറി എലിസണ്‍ ആണ്. 305 ബില്യണ്‍ ഡോളറാണ് ( ഏകദേശം 29.71 ലക്ഷം കോടി രൂപ) ലാറിയുടെ ആസ്തി. 269 ബില്യണ്‍ ഡോളറുമായി ( ഏകദേശം 23.56 ലക്ഷം കോടി രൂപ) മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാമതും 243 ബില്യണ്‍ ഡോളറുമായി ( ഏകദേശം 21.28 ലക്ഷം കോടി രൂപ) ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നവ്യവസായി മുകേഷ് അംബാനി 99.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.71 ലക്ഷം കോടി രൂപ) ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്.


