ശതകോടീശ്വരൻമാരുടെ ബ്ലൂംബെർഗിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി. 137.4 ബില്യൺ ഡോളർ ആണ് അദാനിയുടെ ആസ്തി. ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്. മാത്രമല്ല, ആദ്യമായാണ് ഏഷ്യയിൽ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നത്.
ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട് പ്രമുഖ വ്യവസായിയും, നിക്ഷേപകനും ആണ്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ – എൽവിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ്.
91.9 ബില്യൺ ഡോളർ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്.
കഴിഞ്ഞ മാസം ഗൗതം അദാനി ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായി മാറിയിരുന്നു. 60.9 ബില്യൺ ഡോളർ ആണ് 2022ൽ മാത്രം അദാനി തന്റെ സാമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അദാനി ആദ്യം മറികടന്നിരുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരിൽ ചിലരെ മറികടക്കാൻ അദാനിക്ക് കഴിഞ്ഞതിന്റെ ഒരു കാരണം അവർ കൂടുതൽ സംഭവ ചെയ്യാൻ ആരംഭിച്ചതാണെന്ന് നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു. ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യൺ ഡോളർ ആണ് ബിൽ ഗേറ്റ്സ് നൽകിയത്. അതേസമയം വാറൻ ബഫറ്റ് ഇതിനകം 35 ബില്യൺ ഡോളറിലധികം ചാരിറ്റിക്ക് സംഭാവന ചെയ്തിട്ടുണ്ട്.
അദാനിയും തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്, ജൂണിൽ തന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവർത്തനങ്ങൾക്കായി 7.7 ബില്യൺ ഡോളർ സംഭാവന നൽകുമെന്ന് അദാനി പറഞ്ഞിരുന്നു.