കോട്ടയം കുമാരനല്ലൂരിലെ കഞ്ചാവ് വേട്ട :പ്രതി റോബിൻ പിടിയിൽ;പിടിയിലായത് തമിഴ്നാട്ടിൽനിന്ന്
കോട്ടയം : കുമാരനെല്ലൂരിൽ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രതി റോബിൻ പിടിയിൽ. തമിഴ്നാട്ടിലെ ഒളി സങ്കേതത്തിൽ നിന്നാണ് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്.
ഇയാളെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞദിവസമാണ് കുമാരനല്ലൂർ വലിയാലിൻ ചുവട്ടിലെ നായ വളർത്തൽ കേന്ദ്രത്തിൽ 18 കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തത്.
കേസിലെ പ്രതിയായ പാറമ്പുഴ സ്വദേശി റോബിൻ ജോർജ് ആണ് ഗാന്ധിനഗർ പോലീസിന്റെയും കോട്ടയം ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സേന സംഘത്തിന്റെയും കസ്റ്റഡിയിൽ ആയത്.
തിങ്കളാഴ്ച പുലർച്ചെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ കുമാരനല്ലൂർ വല്യാലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഡെൽറ്റ കെ 9 നായ വളർത്തൽ പരിശീലന കേന്ദ്രത്തിൽ നിന്നും 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തു നിന്നും പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.