ഒരു രക്ഷിതാക്കളും റുവൈസിന് പെണ്ണ് കൊടുക്കരുത്;സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളിൽ പങ്കെടുക്കില്ലെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്ത്രീധനം കൊടുത്ത് നടത്തുന്ന ആഡംബര കല്യാണത്തില്‍ പങ്കെടുക്കില്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍. സ്ത്രീധനം ചോദിക്കുന്നവനോട് നീ പോടാ എന്ന് പറയാന്‍ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ പഠിപ്പിക്കണം. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കല്യാണങ്ങളില്‍ പങ്കെടുക്കരുത് എന്നതാണ് സമുദായത്തിന്റെയും നിലപാട്.

ഡോ. ഷഹനയുടെ മരണത്തിന് കാരണക്കാരനായ റുവൈസിന് നാണമുണ്ടോ. എന്റെയും നിങ്ങളുടെയും ചിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചവനാണ്. അവനാണ് സ്‌നേഹിച്ച പെണ്‍കുട്ടിയോട് സ്ത്രീധനം ചോദിച്ചത്. ഇനി അവന്‍ പുറത്തിറങ്ങിയാലും ഒരു രക്ഷിതാക്കളും അവന് പെണ്ണ് കൊടുക്കരുതെന്ന് ഗണേഷ് പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ദ്രോഹിക്കുകയാണ്. സാമ്പത്തികമായി ഞെരുക്കുകയാണ്. പിണറായി സര്‍ക്കാരിനോട് വിരോധം തീര്‍ക്കുമ്പോള്‍ കേരളത്തിലെ പാവപ്പെട്ടവരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്. വയനാട്ടില്‍ നിന്ന് ജയിച്ചുപോയ രാഹുല്‍ ഗാന്ധി പോലും കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തിയില്ലെന്ന് ഗണേഷ് കുമാർ വിമർശിച്ചു.

പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ മറുപടി പറയാതെ മോദിയും അമിത് ഷായും ഒളിച്ചോടുകയാണ്. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നു. ഇതെന്ത് ജനാധിപത്യമാണ്. എതിര്‍ക്കുന്നവന്റെ വായടക്കുകയല്ല വേണ്ടതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News