വാവ സുരേഷിനെതിരെ അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയില്‍ പിന്തുണ പ്രഖ്യാപിച്ച് മുന്‍ വനംവകുപ്പ് മന്ത്രിയും നിലവില്‍ എംഎല്‍എയുമായ ഗണേശ് കുമാര്‍ രംഗത്ത്. ഒപ്പം ചില വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്. 2011ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും താനും കൂടി ഇടപെട്ട് വനംവകുപ്പില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചിട്ടും, അത് വേണ്ടെന്ന് വച്ചയാളാണ് വാവ സുരേഷ് എന്ന് ഗണേശ് കുമാര്‍ വെളിപ്പെടുത്തി. സുരേഷിനെ അറിയാന്നവര്‍ ആരുംതന്നെ അദ്ദേഹത്തെ കുറ്റം പറയില്ല. വിമര്‍ശിക്കുന്നവര്‍ സ്വംയം ലജ്ജിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേശ് കുമാര്‍ പറയുന്നത്;
വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒരുകാര്യം മനസിലാക്കുക. നിങ്ങളെ പോലെ വനംവകുപ്പില്‍ ഉദ്യോഗസ്ഥനായി ഇരിക്കേണ്ടയാളായിരുന്നു വാവ സുരേഷ്. അതാണ് നിങ്ങള്‍ അറിയാത്ത രഹസ്യം. ഞാന്‍ വനം മന്ത്രിയായിരുന്ന 2011ല്‍ ഈ വ്യക്തിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടി സാറുമായിട്ട് സംസാരിച്ച് ഇയാളെ വനംവകുപ്പില്‍ ജോലിക്ക് നിയമിക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭയില്‍ വച്ച് വനംവകുപ്പില്‍ ജോലി കൊടുക്കാനായിരുന്നു തീരുമാനം.
അങ്ങനെ വാവ സുരേഷിനെ ഞാന്‍ എന്റെ ഓഫീസിലേക്ക് വിളിച്ചു. വാവ സുരേഷ് വന്നു. കാര്യം കേട്ട ശേഷം ഒരു നിമിഷം അദ്ദേഹം നിശബ്ദനായി. എന്നിട്ട് കൂപ്പുകൈയോടെ എന്നോട് പറഞ്ഞു. സാര്‍, എന്നെ അതില്‍ നിന്ന് ഒഴിവാക്കണം. ധിക്കാരമാണെന്ന് വിചാരിക്കരുത്. കുട്ടിക്കാലം മുതല്‍ പാമ്പിനെ പിടിക്കുകയും, അതിന്റെ ആവാസ വ്യവസ്ഥയില്‍ തുറന്നുവിടുകയും ചെയ്യുന്ന ആളാണ് ഞാന്‍. തല്ലിക്കൊല്ലുന്നതില്‍ അതിനെ രക്ഷിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. പലര്‍ക്കും ഭയമുള്ള ഈ ജീവിയെ കുറിച്ചുള്ള ഭയം മാറ്റി കൊടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്.
അതിനെന്താ സുരേഷേ, സര്‍ക്കാര്‍ ജോലിയല്ലേ? ശമ്പളം കിട്ടുമല്ലോ? ജോലിയില്‍ ഇരുന്ന് പാമ്പിനെ പിടിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അതിന് സുരേഷ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. സാര്‍ ഉള്ള കാലംവരെ എന്നെ പാമ്പിനെ പിടികകാന്‍ അനുവദിക്കും, അതുകഴിഞ്ഞാല്‍ ഏതെങ്കിലും ചെക്ക് പോസ്റ്റില്‍ കമ്പി ഉയര്‍ത്തുന്ന ജോലിക്കായിരിക്കും എന്നെ നിയോഗിക്കുക. അതുകൊണ്ട് ദയവ് ചെയ്ത് സാര്‍ എനിക്ക് ഈ ജോലി തരരുത്. ഇതായിരുന്നു ആ ചെറുപ്പക്കാരന്റെ മറുപടി.