കോതമംഗലം: കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ വന്ന് ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി.
വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് ഉടനടി നിർദേശം നൽകി.
'ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയർ എഞ്ചിൻ വരികയാണെന്നാണ് അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?', ഗണേഷ് കുമാർ ചോദിച്ചു.
ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് പോലും ഇത്രയും വേഗതയിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ എന്ത് വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു.


