വടകര: ഏറാമലയിൽ ക്ഷേത്ര ഉത്സവത്തിനിടെ ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പാലക്കാട് ഷോളയൂരിൽ പോലീസ് പിടിയിലായി.
നാദാപുരം കായപ്പനച്ചി സ്വദേശി പുതുക്കുൽതാഴെ കുനി
ഷൈജു (39) വിനെയാണ് എടച്ചേരി പോലീസ് പിടികൂടിയത്. എആർ ക്യാമ്പിലെ പോലീസുകാരൻ നടുവണ്ണൂർ സ്വദേശി അഖിലേഷ് ( 33 )നെയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ പ്രതി കുത്തിവീഴ്ത്തിയത്.
ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ പണം വെച്ച് ചീട്ടുകളിയും, ചട്ടികളിയും നടക്കുന്നതിറിഞ്ഞ് എടച്ചേരി പോലീസിന്റ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധനക്കെത്തിയപ്പോൾ പ്രതി കത്തി കൊണ്ട് കുത്തി അഖിലേഷിനെ വീഴ്ത്തുകയായിരുന്നു.
പാലക്കാട് ഷോളയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കട്ടിയിൽ ഭാര്യയുടെ ബന്ധുവീടിന് സമീപത്ത് ഒളിച്ച് താമസിക്കുന്നതിനിടെയാണ് ഞായറാഴ്ച്ച ഉച്ചയോടെ പ്രതി പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ജില്ല പോലീസ് മേധാവിയുടെ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളും എടച്ചേരി എസ്ഐ കെ യൂസഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ എടച്ചേരിയിൽ എത്തിച്ച് സിഐ ശിവൻ ചോടോത്ത് അറസ്റ്റ് രേഖപ്പെടുത്തി.
നാദാപുരം വളയം, തലശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസുകളിലും, തീ വെപ്പ്, അടിപിടി കേസുകളും ഉൾപ്പെടെ 10 ഓളം കേസുകളിലും പ്രതിയാണ് ഷൈജു. 2021 ൽ നാദാപുരം പോലീസ് റൗഡി ലിസ്റ്റിൽ പെടുത്തിയതിനെ തുടർന്ന് നല്ല നടപ്പ് നിർദ്ദേശിച്ച് ആർഡിഒ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സ്ക്വാഡ് അംഗങ്ങളായ വിവി ഷാജി, വിസി ബിനീഷ്, കെ ദീപക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.