KeralaNews

കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാടിന്റെ അവസ്ഥ മനസിലാക്കി വോട്ട് ചെയ്യണം. ജനാധിപത്യ വ്യവസ്ഥയില്‍ നല്ല ഗവണ്‍മെന്റ് വരേണ്ടത് അനിവാര്യമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ 115 ആം നമ്പര്‍ ബൂത്തിലാണ് സുകുമാരന്‍ നായര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് മൊടക്കല്ലൂര്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തി. മൂന്നാം ബദലിന് വേണ്ടി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രിയുടെ വികസന രാഷ്ട്രീയത്തിന് കേരളത്തിന് ഇടം നേടിത്തരും. ഉജ്വല മുന്നേറ്റം ഉണ്ടാകും. ഫലം പുറത്തുവരുമ്പോള്‍ പ്രബലരായ രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകും, സീറ്റുകളുടെ കുറവുണ്ടാകും. വോട്ടിംഗ് ശതമാനത്തില്‍ വലിയ ഇടിവുണ്ടാകും. സീറ്റുകളുടെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ശക്തമായ മുന്നേറ്റം നടത്തുക എന്‍ഡിഎ ആയിരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തില്‍ അധികം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ്‌െൈ വകുന്നതായും റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലെ പോളിംഗ് ഏഴ്ശതമാനത്തിലേക്ക് എത്തി. 7.2 ആണ് ഇപ്പോഴത്തെ പോളിംഗ് ശതമാനം.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

അതേസമയം ഇരട്ട വോട്ട് ചെയ്താല്‍ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ട വോട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button