തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചതിന് നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്തു പ്രതിഷേധം വന്നാലും നേരിട്ടുകൊള്ളാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. മറ്റാരും വ്യക്തമാക്കാത്ത വിധത്തില്‍ തങ്ങളുടെ രാഷ്ട്രീയനിലപാട് പറഞ്ഞുകഴിഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇന്ന് നടക്കുന്ന യോഗത്തില്‍ ബജറ്റ് ചര്‍ച്ച മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പിന്തുണ നിലപാടില്‍ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. പൂഞ്ഞാറില്‍ ‘പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരന്‍ നായര്‍ രാജിവെയ്ക്കണ’മെന്ന് ബാനറും ഉയര്‍ന്നു. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന തലക്കെട്ടോടുകൂടിയായിരുന്നു ബാനര്‍.
ഫ്‌ളക്‌സുകളൊക്കെ വരട്ടെ, തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, നിലപാട് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെ നേരിട്ടോളാം എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
എല്‍ഡിഎഫ് സര്‍ക്കാരുമായി ഒന്‍പതാണ്ടായി തുടരുന്ന അകൽച്ച പരിഹരിച്ച് എന്‍എസ്എസ് സമദൂരത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ശബരിമലയില്‍ വിശ്വാസം, ആചാരം എന്നിവ സംരക്ഷിച്ച് വികസനം കൊണ്ടുവരാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയതിലാണ് സമുദായത്തിന് അകത്തുനിന്നു തന്നെ വിമര്‍ശനങ്ങളും മുറുമുറുപ്പും ഉയര്‍ന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുമാറ്റം അംഗീകരിച്ച് പ്രശംസിക്കുകയും ചെയ്താണ് അദ്ദേഹം ഇടതുപിണക്കത്തിന് അറുതിവരുത്തിയത്.
എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തോടും സഹകരിക്കുന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്.


