കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഭരണമാറ്റത്തിനായി ജനങ്ങൾ ആഗ്രഹിച്ചതുകൊണ്ടാണ് ഈ ഫലം ഉണ്ടായതെന്നും, ഇത് ഏതെങ്കിലും വ്യക്തികളുടെ മിടുക്കല്ലെന്നും അദ്ദേഹം പെരുന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ പൊറുതിമുട്ടി മാറ്റത്തിനായി വോട്ട് ചെയ്തപ്പോൾ അത് കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി പ്രതിഫലിച്ചുവെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ച് സുകുമാരൻ നായരുടെ നിലപാട് ഇങ്ങനെ: “കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും ഞങ്ങൾക്ക് വിരോധമില്ല. കഴിവുള്ളവരെയും പ്രവർത്തന പരിചയമുള്ളവരെയും ആ പദവിയിലേക്ക് കൊണ്ടുവരണം എന്ന് മാത്രമേയുള്ളൂ. ഒരു വ്യക്തിയെയും എൻ.എസ്.എസ് എടുത്തു ചൂണ്ടിക്കാണിക്കുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ്. അവർ തീരുമാനിക്കട്ടെ,” അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും അത് സ്വീകരിക്കുകയല്ലാതെ വഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സതീശനോടുള്ള ചില വിയോജിപ്പുകൾ ഇപ്പോഴുമുണ്ടെന്നും അത് തിരുത്താൻ താൻ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാരിൽ നിന്ന് അനാവശ്യമായി സ്ഥാനമാനങ്ങളോ അനധികൃതമായ ആനുകൂല്യങ്ങളോ നേടിയെടുക്കാൻ എൻ.എസ്.എസിന് താൽപ്പര്യമില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. തങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ ചോദിക്കും. ഇതുവരെ നേടിയെടുത്തതെല്ലാം കോടതി മുഖേനയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സമദൂര നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവിടെയും നായർ സമുദായ അംഗങ്ങളോട് സമദൂരം പാലിക്കാനാണ് നിർദ്ദേശിച്ചതെന്നും ആരെയും ജയിപ്പിക്കാനോ തോൽപ്പിക്കാനോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഭരണവിരുദ്ധ വികാരം ശക്തമായതുകൊണ്ടാണ് മന്ത്രിമാർ ഉൾപ്പെടെ പരാജയപ്പെട്ടതെന്ന് സുകുമാരൻ നായർ വിലയിരുത്തി. ജനങ്ങൾ മറ്റൊരു ബദൽ ഇല്ലാത്തതുകൊണ്ട് കോൺഗ്രസിനെ തിരഞ്ഞെടുത്തു. യു.ഡി.എഫ് തരംഗത്തിൽ പ്രമുഖരായ പല നേതാക്കളും പരാജയപ്പെട്ടത് ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ എൻ.എസ്.എസ് സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NSS General Secretary G. Sukumaran Nair stated that the UDF’s victory in the Kerala elections is a result of people’s desire for change rather than anyone’s individual brilliance. He remarked that the NSS has no objection to whoever the Congress chooses as CM, provided they are capable and experienced. Nair maintained that his previous disagreements with V.D. Satheesan still stand and emphasized that the NSS followed a policy of “equidistance” during the polls.


