ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെങ്കില്‍ മന്ത്രി മാപ്പ് പറയണമെന്ന് പരാതി നല്‍കിയ യുവതി. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു യുവതിയുടെ പ്രതികരണം.
മന്ത്രി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്നും തനിക്കും കുടുംബത്തിനും ജീവന് വരെ ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു. തന്റെ ഭര്‍ത്താവിനെ മന്ത്രി പിരിച്ചുവിട്ടത് ജാതീയമായ ദുരഭിമാനം മൂലമാണെന്നും മാസങ്ങളായി മന്ത്രി പരസ്യമായി തങ്ങളെ അപമാനിക്കുന്നുവെന്നും യുവതി പറഞ്ഞു. വിഷയത്തില്‍ പോലീസ് കേസ് എടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണെന്നും തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി പറഞ്ഞു.
നേരത്തെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ജി. സുധാകരനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴ എസ്.എഫ്.ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പരാതിക്കാരി.
അതേസമയം യുവതിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്രവേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താന്‍ പറഞ്ഞത് ലോകം മുഴുവന്‍ കണ്ടതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.