തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് 2011ൽ തുടർഭരണം നിഷേധിച്ചത് ‘യൂദാസു’മാരാണെന്ന് സിപിഎം നേതാവ് ജി.സുധാകരൻ. ഒരു വാരികയിൽ വിഎസിനെ പ്രകീർത്തിച്ച് എഴുതിയ കവിതയിലാണ് അന്നു പാർട്ടിക്കകത്ത് നടന്ന വിഎസ് വിരുദ്ധ നീക്കങ്ങളെക്കുറിച്ചെന്നു കരുതാവുന്ന സൂചനയുള്ളത്.
വിഎസ് – പിണറായി പോര് പാരമ്യത്തിലെത്തിയ സമയത്തു നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 68 സീറ്റാണ് ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന വിഎസ് വീണ്ടും അധികാരത്തിലേറാതിരിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തിയെന്ന് അന്നു ചർച്ചയുണ്ടായി.
‘മുഖ്യനായി വാണകാലം വീണ്ടും വരാനായി കൊതിച്ചു നാമെങ്കിലും യൂദാസുകൾ തീർത്ത പത്മവ്യൂഹം മുന്നിലായി കാണാൻ മുൻപേ അറിയാതെ നഷ്ടമായി ഏറെപ്പടക്കളങ്ങൾ. മൂന്നു പടക്കളം കൂടി ജയിച്ചെങ്കിൽ വാഴും ജനസഭാ മന്ദിരത്തിൽ തേരു തെളിക്കുന്ന നാഥനായി!
മൂന്നു സീറ്റ് കൂടി ജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വിഎസിന് വീണ്ടും മുഖ്യമന്ത്രി ആകാമായിരുന്നുവെന്നും യൂദാസുമാർ തീർത്ത പത്മവ്യൂഹത്തിലാണ് ആ മോഹം പൊലിഞ്ഞതെന്നുമാണ് സുധാകരൻ പറയുന്നത്. വിഎസിന്റെ പോരാട്ടങ്ങളെ വാഴ്ത്തുന്ന സുധാകരൻ സർക്കാരിന്റെ നവകേരള സംരംഭങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു:
‘നാടിന്റെ അധ്വാന സമ്പന്നധാരയെ നാളുതോറും വരളാതെ നിർത്താൻ നവകേരളമെന്നു പറയുന്നവർ നെല്ലുവിളയിക്കും കുട്ടനാട് എന്നു ചൊല്ലൂ അധ്വാനമാണ് നവകേരളത്തിന്റെ മുദ്ര അതാവണം മുഖ്യമുദ്ര.’


