ആലപ്പുഴ: സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കാത്തത് ആലപ്പുഴയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ദീർഘകാലമായി പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരൻ, ഇത്തവണ അംഗത്വ ഫോം പൂരിപ്പിച്ചു നൽകാൻ തയ്യാറായില്ല.
കഴിഞ്ഞ 63 വർഷമായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സിപിഐഎമ്മിലും സജീവമായിരുന്ന അദ്ദേഹം ഇതാദ്യമായാണ് അംഗത്വമില്ലാത്ത അവസ്ഥയിലേക്ക് മാറുന്നത്. ആലപ്പുഴയിലെ അഭിഭാഷക ബ്രാഞ്ചിലായിരുന്നു അദ്ദേഹം അംഗമായിരുന്നത്. ഈ ബ്രാഞ്ചിലെ മറ്റു 17 അംഗങ്ങളും അംഗത്വം പുതുക്കിയപ്പോഴും സുധാകരൻ മാത്രം അതിൽ നിന്നും വിട്ടുനിന്നു.പാർട്ടി മെമ്പർഷിപ്പ് പുതുക്കാനുള്ള കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് ഇത്തരമൊരു വാർത്ത പുറത്തു വരുന്നത്. ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കു വെച്ച കുറിപ്പിൽ സുധാകരൻ സ്ഥിരീകരിച്ചു.
ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള അഭിഭാഷക ബ്രാഞ്ചിലെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ സുധാകരന്റെ വീട്ടിലെത്തി ഫോം പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന സുധാകരൻ, പാർട്ടിയുമായി ബന്ധപ്പെട്ട സംഘടനാരീതികളോട് തനിക്കുള്ള വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. ഒരു കമ്മ്യൂണിസ്റ്റ് ആയി തുടരാൻ പാർട്ടി അംഗത്വം വേണമെന്നില്ലെന്ന പരാമർശവും അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയോട് നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഇത് പാർട്ടി അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.ആലപ്പുഴയിലെ പാർട്ടി നേതൃത്വവും ജി. സുധാകരനും തമ്മിലുള്ള തർക്കം കുറച്ചു കാലമായി നിലനിൽക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതും അതിനുശേഷം ഉണ്ടായ പാർട്ടി അന്വേഷണങ്ങളും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്ന പേരിൽ സുധാകരനെതിരെ പാർട്ടി പരസ്യമായി ശാസന നടപടിയും എടുത്തിരുന്നു.
ഇതിനുശേഷം പാർട്ടി വേദികളിൽ നിന്നും അദ്ദേഹം വലിയ രീതിയിൽ വിട്ടുനിൽക്കുകയായിരുന്നു. ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും അദ്ദേഹം പലതവണ ഉയർത്തിയിട്ടുണ്ട്.പാർട്ടിയിലെ വിഭാഗീയതയുടെ തുടർച്ചയായാണ് സുധാകരന്റെ ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള നേതാക്കളുമായി പരസ്യമായി വാഗ്വാദത്തിൽ ഏർപ്പെട്ട സുധാകരൻ, പാർട്ടിയിലെ ‘ക്രിമിനൽ സംഘങ്ങളെ’ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രസ്താവനകളും ഏറെ വിവാദമായിരുന്നു.
തന്നെ അവഗണിക്കുന്നുവെന്ന പരാതി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം അറിയിച്ചിരുന്നെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹം മെമ്പർഷിപ്പ് പുതുക്കാത്തതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 63 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു നേതാവ് ഇത്തരമൊരു നിലപാടെടുക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.സിപിഐഎമ്മിന്റെ സംഘടനാ നിയമമനുസരിച്ച് അംഗത്വം പുതുക്കാത്ത പക്ഷം ആ വ്യക്തിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി കണക്കാക്കും.
എന്നാൽ ജി. സുധാകരനെപ്പോലൊരു മുതിർന്ന നേതാവിന്റെ കാര്യത്തിൽ പാർട്ടി അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഉടൻ കടക്കാൻ സാധ്യതയില്ല. ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും ഇടപെട്ട് അദ്ദേഹത്തെ അനുരഞ്ജിപ്പിക്കാൻ ശ്രമിക്കാനാണ് സാധ്യത. എന്നാൽ സുധാകരൻ തന്റെ നിലപാടിൽ ഉറച്ചു നിന്നാൽ അത് ആലപ്പുഴയിലെ സിപിഐഎമ്മിന് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയായി മാറും. പാർട്ടി സമ്മേളനങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.
ജി. സുധാകരൻ പാർട്ടി വിടുമോ അതോ സ്വതന്ത്രമായി പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. താനൊരു കമ്മ്യൂണിസ്റ്റായി തുടരുമെന്നും എന്നാൽ സംഘടനാപരമായ ചട്ടക്കടുകൾ തനിക്ക് ബാധകമല്ലെന്നുമുള്ള രീതിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. പാർട്ടിയിൽ നിന്നും പുറത്താവുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കാൾ കൂടുതൽ പാർട്ടിയുടെ കെട്ടുറപ്പിനെയാവും ബാധിക്കുക. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതു മുതൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. ഈ അതൃപ്തി ഇപ്പോൾ പരസ്യമായ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.നിലവിലെ സാഹചര്യത്തിൽ സുധാകരന്റെ ഈ തീരുമാനം സി.പി.ഐ.എമ്മിനെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സുധാകരന്റെ അഭാവം പാർട്ടിയുടെ വോട്ട് ബാങ്കിനെ ബാധിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
ഇതിനിടയിൽ പ്രതിപക്ഷ പാർട്ടികൾ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നതും പാർട്ടിക്ക് തിരിച്ചടിയാണ്. സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്ത വാർത്തയോട് ഔദ്യോഗികമായി പ്രതികരിക്കാൻ സിപിഐഎം ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകൾ ഉണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

