വെള്ളാപ്പള്ളി നിർണായകഘട്ടങ്ങളിൽ പാർട്ടിയെ സഹായിച്ചിട്ടുണ്ട്,അഭിപ്രായം തുറന്നുപറയുന്ന ആൾ: ജി സുധാകരൻ

ആലപ്പുഴ: നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ സഹായിച്ചയാളാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്ന് മുൻ മന്ത്രി ജി. സുധാകരൻ. അഭിപ്രായം തുറന്നുപറയുന്ന ശീലം വെള്ളാപ്പള്ളിക്കുണ്ടെന്നും എല്ലാവരെപ്പറ്റിയും അദ്ദേഹം അഭിപ്രായം പറയാറുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയാകുന്നതിന് മുമ്പുതന്നെ വെള്ളാപ്പള്ളിയെ അറിയാം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിർണായകഘട്ടങ്ങളിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു കാര്യം ചെന്ന് പറഞ്ഞാൽ അത് തള്ളില്ല. അഭിപ്രായങ്ങൾ തുറന്നുപറയുന്ന ആളാണ്, ആരോടും ചോദിക്കേണ്ട ആവശ്യമില്ല. സി.പി.എമ്മിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായങ്ങൾ അദ്ദേഹം പറയാറുണ്ട്. എല്ലാവരെപ്പറ്റിയും പറയാറുണ്ട്. ഏറ്റവും കൂടുതൽ കോൺഗ്രസിനെപ്പറ്റിയാണ് പറയുന്നത്, ജി. സുധാകരൻ പറഞ്ഞു.

പാർട്ടി എടുത്ത നിലപാടുകളുടെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ആരെങ്കിലും പോയി സംസാരിച്ച് തീർക്കാവുന്നതേയുള്ളൂ. നേരത്തെ സംസാരിക്കാറുണ്ടായിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി എസ്.എൻ.ഡി.പിക്കെതിരേ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതൊക്കെ നിങ്ങൾ വായിച്ചതല്ലേ എന്നായിരുന്നു ജി സുധാകരന്റെ മറുചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News