കൊല്ലം:വിലാപയാത്രയ്ക്ക് കൂട്ടത്തോടെ നിരത്തിലിറങ്ങി ആംബുലൻസുകളുടെ സൈറൺ മുഴക്കി സഞ്ചാരം. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി യാത്ര നടത്തിയത്. നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കൊട്ടാരക്കര സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ നാലുപേര്‍ ഇന്നലെ കരീലക്കുളങ്ങരയിൽ നടന്ന അപകടത്തില്‍ മരിച്ചിരുന്നു. ഉണ്ണിക്കുട്ടൻ്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറൺ മുഴക്കി ആംബുലൻസുകൾ സഞ്ചരിച്ചത്. രോഗികൾ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറണ്‍ മുഴക്കാൻ പാടുള്ളു എന്നാണ് നിയമം.
കൊവിഡ് പ്രോട്ടോക്കോളും പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ 13 ആംബുലൻസ് ഡ്രൈവർമാർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനാണ് കേസ്. ആംബുലൻസുകൾ ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കി.