തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില. കോഴിക്കോട് പെട്രോൾ വില 109 രൂപ 52 പൈസയായി.
കൊച്ചിയിൽ 109 രൂപ 25 പൈസയാണ് പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയിൽ 103.14ഉം ആണ് വില. കോഴിക്കോട് ഡീസലിന് 103.44 രൂപയായി.
ഇന്ധനവില വർദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണം, കിലോ മീറ്റർ നിരക്ക് ഒരു രൂപയായി വർദ്ധിപ്പിക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം. തുടർന്നുള്ള ചാർജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവീസ് നിർത്തിവയ്ക്കുന്നത്.
എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്.