ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 107.55 രൂപയും ഡീസലിന് ലിറ്ററിന് 101.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 109.51 രൂപയും ഡീസലിന് 103.15 രൂപയുമായി വില. കോഴിക്കോട്ട് ഡീസലിന് ലിറ്ററിന് വില 101.46 രൂപയാണ്. പെട്രോളിന് 107.69 രൂപയുമായി.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. സെപ്റ്റംബര്‍ 24ന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് കൂട്ടിയത്.

ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകള്‍ നടപ്പിലാക്കും. മൂല്യവര്‍ദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു ഡീസല്‍ വില വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പ്രതിദിനം 0.4 ദശലക്ഷം ബാരലില്‍ കൂടുതല്‍ ഉല്‍പാദനം വര്‍ധിപ്പിക്കില്ലെന്ന ഒപെക്കിന്റെ തീരുമാനത്തിന് ശേഷം അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ആയ ബ്രെന്റ് ക്രൂഡ് ബാരലിന് 82 ലേക്ക് കുതിച്ചതാണ് ഇന്ധന നിരക്ക് വലിയ തോതില്‍ വര്‍ദ്ധിക്കാന്‍ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News