ന്യൂഡല്‍ഹി: മൃഗങ്ങളെ ഇടിച്ച് വീണ്ടും വന്ദേഭാരത് എക്‌സ്പ്ര്‌സ് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. ഇത്തവണ കാളയുമായിട്ടായിരുന്നു കൂട്ടിയിടി.ഗാന്ധിനഗര്‍-മുംബൈ പാതയില്‍ ഓടുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇന്ന് രാവിലെയാണ് ഗുജറാത്തില്‍ വച്ച് കാളയുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് ട്രെയിന്‍ 15 മിനിറ്റോളം നിറുത്തിയിട്ടു. ഡ്രൈവര്‍ കോച്ചിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു.
ഈ മാസം ആദ്യം ഗുജറാത്തിലെ തന്നെ ആനന്ദ് സ്റ്റേഷന്‍ പരിസരത്ത് വച്ച് ഒരു പശുവിനെ ഇടിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഒരു പോത്തിനെയും ഇടിച്ചു.വന്ദേ ഭാരത് ട്രെയിന്‍ പരമ്പരയിലെ മൂന്നാമത്തെ ട്രെയിനാണ് ഇന്ന് അപകടത്തില്‍പ്പെട്ടത്. ഈ ട്രെയിന്‍ കഴിഞ്ഞ മാസം ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തതാണ്.
അതേ സമയം കൂട്ടിയിടിയില്‍ ട്രെയിനിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. ‘മുന്‍ ഭാഗത്ത് അഥവാ ഡ്രൈവര്‍ കോച്ചിന്റെ മുന്നിലെ പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ട്രെയിന്‍ സുഗമമായി ഓടുന്നു’ റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.
കാലിക്കൂട്ടത്തെ ഇത്തരത്തില്‍ റെയില്‍വേ ട്രാക്കുകളുടെ സമീപത്തേക്ക് തുറന്ന് വിടാതിരിക്കാനായി സമീപ ഗ്രാമങ്ങളിലെ ആളുകളെ ബോധവല്‍ക്കരിക്കുകയാണെന്ന് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ സുമിത് താക്കൂര്‍ വിശദമാക്കി. സമാനമായ അപകടങ്ങള്‍ പതിവായതോടെ ഗാന്ധിനഗര്‍ അഹമ്മദാബാദ് മേഖലയില്‍ ട്രാക്കിന് സമീപം വേലി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
ഈ മേഖലയിലെ ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കാനും ധാരണയായിട്ടുണ്ട്. മാര്‍ച്ച് 2024ഓടെ വേലി കെട്ടുന്നത് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ആനന്ദ് സ്റ്റേഷന് സമീപത്ത് വച്ച് വന്ദേഭാരത് ട്രെയിന്‍ പശുവിനെ ഇടിച്ചിരുന്നു. നാല് പോത്തുകളെ ഇടിച്ച് സര്‍വ്വീസ് താമസിച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്.