കൊല്ലം: വിനോദയാത്രയ്ക്കിടെ വനമേഖലയിൽനിന്ന് കാറിന്റെ ബോണറ്റിലേക്കു കടന്ന് 200 കിലോമീറ്റർ നാടുചുറ്റിയ രാജവെമ്പാലയെ ഒന്നരദിവസത്തെ ‘വാഹനവാസ’ത്തിനൊടുവിൽ പിടികൂടി. ആനയടി തീർഥത്തിൽ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് ഗവി യാത്രയ്ക്കിടെ ആറടി വലിപ്പമുള്ള രാജവെമ്പാല ഒളിച്ചുകടന്നത്. ആശങ്കകളുടെ മണിക്കൂറുകൾക്കൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തിൽ പാമ്പിനെ പുറത്തെടുത്തത്.
ഞായറാഴ്ച ആങ്ങാമൂഴി ചെക്പോസ്റ്റ് കഴിഞ്ഞ് നാലു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് റോഡരികിൽ പാമ്പിനെ കണ്ടത്. മൊബൈലിൽ ചിത്രം പകർത്തി സാവധാനം വാഹനമോടിക്കുന്നതിനിടയിൽ വെട്ടിത്തിരിഞ്ഞ പാമ്പ് വാഹനത്തിനടിയിലേക്ക് കയറുന്നതാണ് കണ്ടത്. നിർത്തിയെങ്കിലും പിന്നെ പാമ്പിനെ കാണാതെവന്നത് ആശങ്കയായി. പാന്പ് പോയിരിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടർന്നു.
ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോൾ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നിൽ മണംപിടിച്ചു നിൽക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പാമ്പ് ഉള്ളിലുണ്ടാകുമെന്ന സംശയം ബലപ്പെട്ടു. യാത്രയ്ക്കിടെ പെരിയാർ കടുവാ സങ്കേതത്തിലെ ചെക്പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംശയം പങ്കിട്ടു. അവർ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
പാമ്പ് ഉള്ളിലുണ്ടാകാൻ സാധ്യതയില്ലെന്നും കയറിയിരുന്നെങ്കിൽത്തന്നെ വാഹനം നിർത്തിയപ്പോൾ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു. വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സി.സി.ടി.വി.യിൽ കാർ നിരീക്ഷിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടില്ല. രാവിലെ വളർത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാൻ തുടങ്ങി.
ഇൗ അനുഭവം ‘കേരളത്തിലെ പാമ്പുകൾ’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിൽ മനുരാജ് പങ്കുവെച്ചു. പാമ്പ് കാറിനുള്ളിൽത്തന്നെയുണ്ടാകുമെന്ന അഭിപ്രായക്കാരായിരുന്നു പ്രതികരിച്ചവരിൽ ഭൂരിപക്ഷവും. പിന്നെ വാവാ സുരേഷിനെ വിവരമറിയിച്ചു. പാമ്പ് വാഹനത്തിനുള്ളിലുണ്ടെന്നറിഞ്ഞതോടെ മെക്കാനിക്കുകൾ മടിച്ചു. ഒടുവിൽ രണ്ടുപേരെത്തി.
തിങ്കളാഴ്ച രാത്രി 9.30-ഓടെ വാവസുരേഷ് എത്തി. ബോണറ്റ് തുറന്ന് ഏറെനേരം പരതിയിട്ടും പാമ്പിനെ കാണാതെവന്നതോടെ നായയെ കൊണ്ടുവന്നു. നായ മണത്തിടത്ത് പരിശോധിച്ചപ്പോൾ ‘ആൾ’ ഉള്ളിലുണ്ട്. പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു. വാഹനഭാഗങ്ങൾ ശരിയായി ഇളക്കാൻ ആളില്ലാതെവന്നതും രക്ഷാപ്രവർത്തനം വൈകിച്ചു. ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെ 3.20-ഓടെയാണ് പാമ്പിനെ പിടികൂടിയത്.
അല്പം ഗ്രീസ് പറ്റിയെന്നല്ലാതെ കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. പാമ്പിനെ വനംവകുപ്പിന് കൈമാറി. ‘കേരളത്തിലെ പാമ്പുകൾ’ ഗ്രൂപ്പിൽ പാന്പിനെ പിടികൂടിയതായി അറിയിച്ച് മനുരാജിട്ട അടുത്ത പോസ്റ്റിൽ നിർണായക ഇടപെടൽ നടത്തിയ വളർത്തുനായ ബാബറിനുള്ള അഭിനന്ദനങ്ങളായിരുന്നു ഏറെയും.