കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്റ് ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ജനങ്ങളെ പ്രതിഷേധം വീണ്ടുമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം തുടരാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, പോലീസ് സുരക്ഷയുണ്ടെങ്കിലേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കൂവെന്നും ഉടമകള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍നിന്ന് 20 ടണ്ണായി കുറയ്ക്കണം, ദുര്‍ഗന്ധം കുറയ്ക്കാനായി വൈകുന്നേരം ആറ് മണിമുതല്‍ രാത്രി 12 മണിവരെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെക്കും തുടങ്ങി കര്‍ശന ഉപാധികളോടെയായിരുന്നു പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നത്.


