പാരിസ്: ഫ്രാൻസിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു തള്ളി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണു രാജിവച്ചു. പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കസേരയിൽ നാലാഴ്ച തികയും മുമ്പാണ് ലൊക്കോർണുവിന്റെ രാജി.
സർക്കാരിന്റെ ചെലവുചുരുക്കൽ നടപടിക്കെതിരെ ഫ്രാൻസിൽ ഉടനീളം സമരം തുടരുന്നതിനിടെ ലെക്കോർണു രാജിവച്ചത് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് വൻ തിരിച്ചടിയായി. പ്രസിഡന്റ് പദവിയിൽ മാക്രോണിന് ഇനിയെത്രകാലം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മാക്രോണിന്റെ കാലത്ത് രണ്ടു വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാർ വന്നിട്ടും ആർക്കും അധികകാലം തുടരാനായില്ല.
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതിരുന്ന 2024-ലെ തിരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസ് രാഷ്ട്രീയമായി കൂടുതൽ അസ്ഥിരമാവുന്നതിന്റെ ലക്ഷണം കൂടിയാണ് ലെക്കോർണുവിന്റെ രാജി. മാക്രോണിന് മുന്നിൽ ഇനി രണ്ട് വഴികളാണ് അവശേഷിക്കുന്നത്. ഒന്നുകിൽ അടിയന്തര തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക അല്ലെങ്കിൽ രാജിവെച്ച് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുക.
ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന മന്ത്രിസഭയിൽ മാക്രോണിന്റെ പാർട്ടിയിൽനിന്ന് 10 മന്ത്രിമാരുണ്ടായിരുന്നു. 2017-ൽ അധികാരത്തിലെത്തിയപ്പോൾ മാക്രോണിന്റെ ആദ്യ സർക്കാരിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായിരുന്നു ഇത്. 15 മന്ത്രിമാരുള്ള മന്ത്രിസഭയിൽ ഫ്രഞ്ച് പാർലമെന്റിലെ ഇടതുപക്ഷ ബ്ലോക്കിൽനിന്നോ തീവ്ര വലതുപക്ഷ പാർട്ടിയിൽനിന്നോ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
നമ്മൾ വഴിയുടെ അവസാനത്തിലാണ്, ഒരു പരിഹാരവുമില്ല,’ ഫ്രഞ്ച് തീവ്ര വലതുപക്ഷത്തിന്റെ മുഖമായ മറൈൻ ലെ പെൻ പറഞ്ഞു. മറ്റൊരു മാക്രോണിസ്റ്റ് പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചപ്പോൾ, ‘ഈ തമാശയുടെ അവസാനത്തിലാണ് നമ്മൾ.’ എന്നായിരുന്നു അവരുടെ മറുപടി. ലെക്കോർണുവിന്റെ രാജിയെ കുറിച്ച് ഇടതുപക്ഷവും രൂക്ഷമായാണ് പ്രതികരിച്ചത്. മാക്രോണിസം രാജ്യത്തെ ഒരിക്കൽ കൂടി അരാജകത്വത്തിലേക്ക് തള്ളിവിടുന്നുവെന്ന് സോഷ്യലിസ്റ്റ് പാർട്ടിയുടെ വക്താവ് ആർതർ ഡെലാപോർട്ട് പറഞ്ഞു.


