KeralaNewsNews

ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം

ദില്ലി: റേഷന്‍ കാര്‍ഡില്ലെങ്കിലും അംഗീകൃത ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് കൊവിഡ് കാലത്ത് മതിയായ രേഖകള്‍ ഇല്ലെങ്കിലും റേഷന്‍ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ഈ മാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയില്‍ ലൈംഗിക തൊഴിലാളികളെയും ട്രാന്‍സ്ജന്‍ഡറുകളെയും സഹായിക്കണമെന്നും ഭക്ഷണം ഉറപ്പ് വരുത്തണമെന്നും കോടതി നേരത്തെ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ലൈംഗിക തൊഴിലാളികളുടെ കൂട്ടായ്മയായ ദര്‍ബാര്‍ മഹിളാ സമാന്യയ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തസ്സോടെ ജീവിക്കാന്‍ ഭക്ഷണവും പാര്‍പ്പിടവും സാമൂഹിക സുരക്ഷയും വേണമെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു.

കൊവിഡ് ഇവരുടെ ജീവിതത്തെ തകര്‍ത്തുവെന്നും കോടതിയെ അറിയിച്ചു. ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button