തിരുവനന്തപുരം ∙ ഈ വർഷവും സംസ്ഥാന സർക്കാർ സൗജന്യമായി ഓണക്കിറ്റ് നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു 425 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നതെന്നും തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കൊവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണ്.
നിത്യോപയോഗ സാധനങ്ങൾക്ക് അടുത്തിടെ പുതിയതായി കൊണ്ടുവന്ന ജിഎസ്ടി കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി വർധന കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. കൊച്ചി കാക്കനാട്ട് ടിസിഎസുമായി ചേർന്ന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഉത്തരവാദ നിക്ഷേപം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. സംരംഭകരുടെ പരാതി പരിഹരിക്കാൻ വൈകിയാൽ ഉത്തവാദപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ നിക്ഷേപം ആകർഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വായ്പ നൽകുന്നതിൽ കെഎസ്ഐഡിസിക്ക് റെക്കോർഡ് നേട്ടമാണുള്ളത്. 2021–22 കാലയളവിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ജനക്ഷേമത്തിനും സമഗ്രവികസത്തിനുമാണു സർക്കാർ ശ്രമം. അതേസമയം, സർക്കാരിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം ചിലർ നശീകരണ സ്വഭാവം കാണിക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുമേൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ തടായാനാണ് ശ്രമം. കിഫ്ബി വായ്പ സർക്കാരിന്റെ കടമായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കർ നിലപാട് തെറ്റാണ്. കേന്ദ്രം ഈ നടപടിയിൽനിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.