തിരുവനന്തപുരം: പാറശാലയില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്റ്റല്‍ വോട്ട് ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി.
രണ്ട് പഞ്ചായത്തുകളില്‍ അട്ടിമറി നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പെരുങ്കടവില, കുന്നത്തുകാല്‍ പഞ്ചായത്തുകളില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് പോസ്റ്റല്‍ വോട്ട് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
അതേസമയം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇടുക്കിയിലും പാലായിലും പോളിംഗിന് വെല്ലുവിളിയായി കനത്ത മഴയാണ്. തൊടുപുഴ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ ശക്തമാണ്. അവസാന മണിക്കൂറിലെ പോളിംഗിനെ മഴ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തെ പോളിംഗ് 60.04 ശതമാനം പിന്നിട്ടു. കണ്ണൂരില്‍ ഉച്ചവരെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയില്‍ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയില്‍ 46.43 ശതമാനവും, കാസര്‍ഗോഡ് 46.21 ശതമാനവും, ആലപ്പുയില്‍ 48.12 ശതമാനവും, തൃശൂര്‍ 50.20 ശതമാനവും, ഇടുക്കിയില്‍ 42 ശതമാനവും കടന്നു.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.